കസൂപ്പർ ലീഗ് കേരള: തോൽവിയറിയാതെ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി

കോഴിക്കോട്
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ തോൽവിയറിയാതെ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ കുതിപ്പ്. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയോട് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുതവണ വലകുലുക്കി മൂന്നാംജയം കുറിച്ചു. കണ്ണൂരിനായി നായകൻ സ്പാനിഷ് സ്‌ട്രൈക്കർ അഡ്രിയാൻ സർഡിനെറോ, അണ്ടർ 23 മലയാളി മുന്നേറ്റതാരം മുഹമ്മദ് റിഷാദ് എന്നിവർ ലക്ഷ്യംകണ്ടു. എം എം അർജുന്റേതാണ് തൃശൂരിന്റെ ആശ്വാസഗോൾ. ആറുകളിയിൽ 12 പോയിന്റുമായി ഒന്നാമതുള്ള കണ്ണൂർ സെമിയോടടുത്തു. രണ്ടു പോയിന്റുമായി അവസാന സ്ഥാനത്താണ് തൃശൂർ.
മൂന്ന് ഗോളും പിറന്നത് ആദ്യപകുതിയിലാണ്. നാലാം മിനിറ്റിൽ അർജുന്റെ ഗോളിലൂടെ കണ്ണൂരിനെ വിറപ്പിച്ചാണ് തൃശൂർ തുടങ്ങിയത്. സിൽവ ഗോമസ് ബോക്‌സിന് ഇടതുവശത്തുനിന്ന് നൽകിയ പന്ത് കണ്ണൂർ ഗോളി പി എ അജ്‌മലിന്റെ കൈയിൽ തട്ടി ദിശമാറി. വലതുകാലിൽ കിട്ടിയ പന്ത് അർജുൻ അനായാസം വലയിലാക്കി. 15–-ാം മിനിറ്റിൽ പരിക്കുമൂലം നായകൻ സി കെ വിനീത് കളംവിട്ടതോടെ തൃശൂർ ഉലഞ്ഞു.
31–-ാം മിനിറ്റിൽ അഡ്രിയാൻ സർഡിനെറോയിലൂടെഗോളിലൂടെ കണ്ണൂർ ഒപ്പമെത്തി.
സ്‌പാനിഷ് മധ്യനിരതാരം 10–-ാം നമ്പറുകാരൻ ഗോമസ് അൽവാരസ് എടുത്ത കോർണർ കിക്ക് സർഡിനെറോ വലയിലെത്തിച്ചു. താഴ്‌ന്നുവന്ന പന്ത് സ്പാനിഷുകാരൻ പോസ്‌റ്റിന് വലതുമൂലയിലാക്കി. ഇടവേളയ്‌ക്ക് പിരിയുംമുമ്പ് റിഷാദിന്റെ തകർപ്പൻ ഇടംകാലൻ ഗോളിലൂടെ കണ്ണൂർ ലീഡ് നേടി. സർഡിനെറോ നീട്ടിനൽകിയ പന്തുമായി തൃശൂരിന്റെ പ്രതിരോധതാരത്തെ വെട്ടിച്ച് ബോക്സിനകത്തുകയറിയ വലതുവിങ്ങറുടെ ഷോട്ട് വലയിൽ വിശ്രമിച്ചു.









0 comments