കുദ്രത്ത്‌ പുറത്ത്‌ 
ബിനോ താൽക്കാലിക പരിശീലകൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 10:58 PM | 0 min read


കൊൽക്കത്ത
പ്രതീക്ഷിച്ചത്‌ സംഭവിച്ചു. ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ കാൾസ്‌ കുദ്രത്തിന്റെ കസേര തെറിച്ചു. ഐഎസ്‌എൽ ഫുട്‌ബോളിലെ ആദ്യ മൂന്നു കളിയും തോറ്റതിനുപിന്നാലെയാണ്‌ പുറത്താക്കൽ. സ്‌പാനിഷുകാരൻ രാജിവച്ചതാണെന്ന്‌ കൊൽക്കത്തൻ ക്ലബ്‌ അറിയിച്ചു. കുദ്രത്തിനുപകരം സഹപരിശീലകനും മലയാളിയുമായ ബിനോ ജോർജിനെ ഇടക്കാല പരിശീലകനായി ഈസ്റ്റ്‌ ബംഗാൾ നിയമിച്ചു. പുതിയ കോച്ചിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. ശനിയാഴ്‌ച ജംഷഡ്‌പുർ എഫ്‌സിക്കെതിരെയാണ്‌ അടുത്ത മത്സരം.

ഐഎസ്‌എല്ലിൽ ബംഗളൂരു എഫ്‌സിയെ ചാമ്പ്യൻമാരാക്കിയ കുദ്രത്ത്‌ കഴിഞ്ഞവർഷമാണ്‌ ഈസ്റ്റ്‌ ബംഗാളിന്റെ ചുമതലയേറ്റത്‌. അമ്പത്തഞ്ചുകാരനുകീഴിൽ മികച്ച പ്രകടനമായിരുന്നു. ഡ്യൂറൻഡ്‌ കപ്പിൽ റണ്ണറപ്പായി. നാലരവർഷങ്ങൾക്കുശേഷം ചിരവൈരികളായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ടീമിന്‌ ജയം നൽകുകയും ചെയ്‌തു. സൂപ്പർ കപ്പ്‌ ചാമ്പ്യൻമാരുമാക്കി. 12 വർഷങ്ങൾക്കുശേഷമായിരുന്നു ഈസ്റ്റ്‌ ബംഗാൾ ഒരു കിരീടം നേടുന്നത്‌. എന്നാൽ, ലീഗിൽ ഒമ്പതാംസ്ഥാനത്തായി. ഈ സീസണിനായി നല്ല തയ്യാറെടുപ്പായിരുന്നു. പണം വാരിയെറിഞ്ഞ്‌ മികച്ച താരങ്ങളെ കൂടാരത്തിലെത്തിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്‌ മുന്നേറ്റക്കാരൻ ദിമിത്രിയോസ്‌ ഡയമന്റാകോസ്‌, മധ്യനിരക്കാരൻ ജീക്‌സൺ സിങ്‌, ബഗാനിൽനിന്ന്‌ പ്രതിരോധക്കാരൻ അൻവർ അലി, പഞ്ചാബ്‌ എഫ്‌സിയിൽനിന്ന്‌ മധ്യനിരക്കാരൻ മാദിഹ്‌ തലാൽ എന്നിവരെ എത്തിച്ചു. ഇതിൽ അൻവറും ജീക്‌സണും ഇന്ത്യൻ ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളെന്ന റെക്കോഡുമായാണ്‌ എത്തിയത്‌.

സീസണിന്റെ തുടക്കം ഡ്യൂറൻഡ്‌ കപ്പിലും മങ്ങിയ സംഘം ലീഗിൽ ബംഗളൂരുവിനോടും ബ്ലാസ്‌റ്റേഴ്‌സിനോടും എഫ്‌സി ഗോവയോടും തോറ്റു. ഗോവയ്‌ക്കെതിരായ മത്സരശേഷം ആരാധകർ കുദ്രത്തിനെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. ഐ ലീഗിൽ ഗോകുലം കേരളയുടെ കോച്ചായിരുന്ന ബിനോ 2022 മുതൽ ഈസ്റ്റ്‌ ബംഗാളിലുണ്ട്‌. റിസർവ്‌ ടീമിന്റെ പരിശീലകനും സീനിയർ ടീമിന്റെ സഹപരിശീലകനായും പ്രവർത്തിക്കുകയായിരുന്നു. കേരളത്തെ 2022ൽ സന്തോഷ്‌ ട്രോഫി ചാമ്പ്യൻമാരുമാക്കിയിട്ടുണ്ട്‌ ഈ തൃശൂരുകാരൻ.



deshabhimani section

Related News

View More
0 comments
Sort by

Home