നായകനില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 21, 2024, 11:45 PM | 0 min read

കൊച്ചി> ഐഎസ്‌എൽ ഫുട്‌ബോളിൽ തുടർച്ചയായ രണ്ടാംമത്സരത്തിലും അഡ്രിയാൻ ലൂണയില്ലാതെ കളത്തിലെത്തുമ്പോൾ പരിശീലകൻ മിക്കേറ്റൽ സ്‌റ്റാറേയുടെ നെഞ്ചിടിപ്പ്‌ കൂടുകയാണ്‌. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഇന്ന്‌ ശക്തരായ ഈസ്റ്റ്‌ ബംഗാളാണ്‌ എതിരാളി. ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ സ്വന്തം തട്ടകത്തിൽ 1–-2ന്‌ തോറ്റതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല. ടീം അമ്പേ പരാജയമായിരുന്നുവെന്ന്‌ സ്‌റ്റാറേ സമ്മതിച്ചു. മുന്നോട്ട്‌ ഈ കളി പോരെന്നും തുറന്നുപറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണത്തിന്റെ കുന്തമുനയാണ്‌ ലൂണ. അസുഖബാധിതനായതോടെയാണ്‌ ഉറുഗ്വേക്കാരന്‌ ആദ്യമത്സരം നഷ്ടമായത്‌. ഇത്‌ തിരിച്ചടിച്ചു. മധ്യനിരയിൽ ചലനമില്ലായിരുന്നു. മുന്നേറ്റക്കാർക്ക്‌ പന്തെത്തിയില്ല. തോൽവിയായിരുന്നു ഫലം. ലൂണയുടെ പനി മാറിയെന്നും പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും സമയം വേണമെന്നും പരിശീലകൻ അറിയിച്ചു. പഞ്ചാബിനെതിരെ നിരാശപ്പെടുത്തുന്നതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം. പ്രതിരോധത്തിൽ അഞ്ചു താരങ്ങളെ അണിനിരത്തിയ സ്റ്റാറേയുടെ തന്ത്രം പാടെ പാളി. മധ്യനിരയിൽ വിടവുണ്ടായി. ഇരുവശങ്ങളിൽനിന്നും കാര്യമായ നീക്കങ്ങളും ഉണ്ടായില്ല.

‘പദ്ധതി കൃത്യമായിരുന്നു. പക്ഷേ അത്‌ നടപ്പാക്കാനായില്ല. പഞ്ചാബിനെതിരെ ദയനീയ കളിയായിരുന്നു. കളിക്കാർ കൂടുതൽ ഉന്മേഷവും ആവേശവും കാട്ടേണ്ടതുണ്ട്‌. തോൽവിയിൽ നിരാശയില്ല. ടീം തിരിച്ചുവരും. ഇന്ന്‌ മികച്ച കളി പുറത്തെടുക്കും’–- സ്വീഡിഷ്‌ പരിശീലകൻ പറഞ്ഞു. ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ക്വാമി പെപ്രയും നോഹ സദൂയ്‌യും ഗോളടിക്കാനെത്തും. വിബിൻ മോഹനൻ മധ്യനിരയിൽ സ്ഥാനംപിടിക്കാൻ സാധ്യതയുണ്ട്‌. പ്രതിരോധത്തെ മിലോസ്‌ ഡ്രിൻസിച്ച്‌, അലെക്‌സാൻഡ്രെ കൊയെഫ്‌, പ്രീതം കോട്ടാൽ എന്നിവർ നയിക്കും.

ബ്ലാസ്‌റ്റേഴ്‌സിനെപ്പോലെ ആദ്യകളി തോറ്റാണ്‌ ഈസ്റ്റ്‌ ബംഗാളും എത്തുന്നത്‌. ബംഗളൂരു എഫ്‌സിയോട്‌ ഒരു ഗോളിന്‌ വീണു. സ്‌പാനിഷ്‌ പരിശീലകൻ കാർലോസ്‌ കുദ്രത്തിനുകീഴിൽ മികച്ച സംഘവുമായാണ്‌ വരവ്‌. ബ്ലാസ്‌റ്റേഴ്‌സിലുണ്ടായിരുന്ന ഗ്രീക്കുകാരൻ ദിമിത്രി ഡയമന്റാകോസ്‌, മധ്യനിരയിൽ മദീഹ്‌ തലാൽ എന്നിവർ നിർണായകമാകും. വിലക്ക്‌ മാറി പ്രതിരോധക്കാരൻ അൻവർ അലി കൊൽക്കത്തൻ ക്ലബ്ബിനായി അരങ്ങേറുകയും ചെയ്യും. മലയാളിതാരങ്ങളായ പി വി വിഷ്‌ണുവും സി കെ അമാനും പകരക്കാരായി കളത്തിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Home