സൂപ്പർ ലീഗിൽ ഗോളില്ലാ സമനില

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 11:02 PM | 0 min read


മഞ്ചേരി
ജയം കൊതിച്ചിറങ്ങിയ മലപ്പുറം എഫ്സിക്കും തൃശൂർ മാജിക് എഫ്സിക്കും പന്ത് വലയിലെത്തിക്കാനായില്ല. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞകളിയിൽ സ്വന്തം മൈതാനത്ത് കലിക്കറ്റിനോട് തോറ്റ മലപ്പുറത്തിനും ആദ്യ രണ്ട് കളിയും തോറ്റ തൃശൂരിനും ജയം അനിവാര്യമായിരുന്നു. പക്ഷേ, ഗോൾ മാത്രം അകന്നുനിന്നു. ഇതോടെ ഓരോ ജയവും സമനിലയുമായി മലപ്പുറത്തിന് നാലു പോയിന്റായി. സമനില ലഭിച്ചതോടെ തൃശൂരിന് ഒരു പോയിന്റും.

തുടക്കംമുതൽ ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ബോക്സിന് പുറത്തുനിന്ന് ബുജേർ തൊടുത്ത തകർപ്പൻ വോളി തൃശൂരിന്റെ ബാറിന് അരികിലൂടെ പാഞ്ഞപ്പോൾ മലപ്പുറം ആരാധകർ നിരാശരായി. അൽദാലൂന്റെ ക്രോസിന് ഫസലുറഹ്മാൻ തലവച്ചെങ്കിലും  പുറത്തേക്ക് പോയി. മൈതാനമധ്യത്തിൽ മലയാളിതാരം ബുജേർ അധ്വാനിച്ച് കളിച്ചു. തൃശൂർ ഗോളി ജെയ്‌മി ജോയി മലപ്പുറത്തിന്റെ നീക്കങ്ങൾക്ക് വിലങ്ങുതടിയായി.

തൃശൂർ നായകൻ സി കെ വിനീതിന് അവസരം കിട്ടിയെങ്കിലും മലപ്പുറം ഗോളി ടെൻസിങ് സാംഡുപ് സമർഥമായി അപകടം ഒഴിവാക്കി. മറുപടിയായി ബുജേർ തൊടുത്ത ഷോട്ട് ഗോളിയെ മറികടന്നെങ്കിലും ബാറിൽ തട്ടി മടങ്ങി.രണ്ടാംപകുതിയിൽ ഇരുടീമുകളും മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോൾ അകന്നു. പരിക്കുസമയത്ത് തുടർച്ചയായ അഞ്ച് കോർണർ ലഭിച്ചെങ്കിലും മലപ്പുറത്തിന് ലക്ഷ്യം കാണാനായില്ല.

മുഖ്യപരിശീലകൻ ഇറ്റലിക്കാരൻ ജിയോവാനി സ്‌കാനു ഇല്ലാതെയാണ് തൃശൂർ കളത്തിലിറങ്ങിയത്. കേരളത്തിന് സന്തോഷ്‌ ട്രോഫി കിരീടം നേടിക്കൊടുത്ത സതീവൻ ബാലനായിരുന്നു പരിശീലകറോളിൽ.
 

കൊമ്പൻസിന് ഇന്ന് വാരിയേഴ്‌സ്‌
സൂപ്പർ ലീഗ്‌ കേരളയിൽ ഇന്ന്‌ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വാരിയേഴ്‌സും ഏറ്റുമുട്ടും. തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. നാല് പോയിന്റുകൾവീതമുള്ള കൊമ്പൻസ് രണ്ടാംസ്ഥാനത്തും കണ്ണൂർ നാലാംസ്ഥാനത്തുമാണ്. കൊമ്പൻസ് സ്വന്തം തട്ടകത്തിൽ തൃശൂർ മാജിക് എഫ്‌സിയെ തുരത്തിയശേഷമാണ് നാട്ടിലെ രണ്ടാംമത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ കൊമ്പൻസിന്റെ പ്രതിരോധക്കാരൻ ബെൽജിൻ ബോൾസ്‌റ്റർ ഈ സീസണിൽനിന്ന് പിന്മാറി. കോവളം എഫ്‌സിയുടെ പത്തൊമ്പതുകാരൻ വിങ്ങർ മുഹമ്മദ് ഷാഫിയെ ടീമിൽ ഉൾപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home