ഡയമണ്ട് ലീഗ് ഫെെനൽ ; നീരജ് ചോപ്ര
 രണ്ടാമത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 01:42 AM | 0 min read


ബ്രസൽസ്
ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. ജാവലിൻത്രോയിൽ 87.86 മീറ്റർ താണ്ടിയാണ് നേട്ടം. ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 87.87 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്.

ആദ്യ ഏറിൽ 86.82 മീറ്റർ മറികടന്ന നീരജി​ന്റെ രണ്ടാമത്തേത് 83.49 മീറ്ററായിരുന്നു. മൂന്നാമത്തെ ത്രോ ആണ് രണ്ടാംസ്ഥാനം കിട്ടിയ ദൂരം. തുടർന്ന് 82.04 മീറ്ററും 83.30 മീറ്ററുമായി കുറഞ്ഞു. അവസാനത്തെ ഏറിൽ 86.46 മീറ്റർ. ആൻഡേഴ്സൺ ആദ്യ ഏറിൽത്തന്നെ വിജയദൂരം കണ്ടെത്തി.

ഏഴുപേർ അണിനിരന്ന മത്സരത്തിൽ ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാംസ്ഥാനം (85.97). കഴിഞ്ഞതവണത്തെ ചാമ്പ്യൻ ചെക്ക് താരമായ യാകൂബ് വാദ്ലെജ് പങ്കെടുത്തില്ല. നീരജ് 2022ൽ ചാമ്പ്യനായിരുന്നു, കഴിഞ്ഞതവണ രണ്ടാംസ്ഥാനം.  പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ് ലേ ഒമ്പതാംസ്ഥാനത്തായി. 12 അത്‍ലീറ്റുകളാണ് അണിനിരന്നത്. ദേശീയ റെക്കോഡുകാരനായ സാബ് ലേ എട്ട് മിനിറ്റ് 17.09 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കെനിയയുടെ അമോസ് സെറം അപ്രതീക്ഷിത വിജയിയായി. മൊറോക്കോയുടെ ഒളിമ്പിക് ചാമ്പ്യൻ സോഫിയാനി എൽ ബക്കലിയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി.



deshabhimani section

Related News

View More
0 comments
Sort by

Home