ഗോളടിക്കാൻ ഗോവ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 10:46 PM | 0 min read


കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവയ്‌ക്ക്‌ ഇതുവരെ കിരീടമില്ല. 2019–-20 സീസണിൽ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും കിരീടം നേടാനായില്ല. സെമിയിൽ തോറ്റ്‌ പുറത്തായി. 2015ലും 2018–-19 സീസണിലും ഫൈനലിൽ തോറ്റു. ഇക്കുറി ആക്രമണവും പ്രതിരോധവും മിനുക്കിയാണ്‌ ഗോവ കളത്തിലിറങ്ങുന്നത്‌. കളിച്ച 10 സീസണിൽ ഏഴുതവണയും സെമിയിൽ കടന്നിട്ടുണ്ട്‌. കഴിഞ്ഞസീസണിൽ ചാമ്പ്യൻമാരായ മുംബൈ സിറ്റിയോട്‌ സെമിയിൽ തോറ്റു. ആദ്യപാദത്തിൽ ജയം നേടിയശേഷം രണ്ടാംപാദത്തിൽ തകരുകയായിരുന്നു.

പരിശീലകൻ മനോലോ മാർക്വസ്‌ ആണ്‌ ശ്രദ്ധാകേന്ദ്രം. ഹൈദരാബാദ്‌ എഫ്‌സിയെ ജേതാക്കളാക്കിയിട്ടുണ്ട്‌ സ്‌പാനിഷുകാരൻ. ജൂലൈയിൽ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഇരുടീമുകളെയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്‌ മനോലോയുടെ വെല്ലുവിളി. ഇന്റർ കോണ്ടിനെന്റൽ കപ്പായിരുന്നു ഇന്ത്യൻ ടീമിൽ ആദ്യ ചുമതല. പ്രകടനം മികച്ചതായില്ല. ഗോവയിൽ തിരിച്ചെത്തുമ്പോൾ ഐഎസ്‌എൽ കിരീടമാണ്‌ കോച്ചിന്റെ ലക്ഷ്യം. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്നെത്തിയ അർമാൻഡോ സാദിക്കുവാണ്‌ ഗോവയുടെ പ്രതീക്ഷ. ബഗാനിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും അൽബേനിയൻ മുന്നേറ്റക്കാരൻ ഇറങ്ങിയ കളികളിലെല്ലാം തിളങ്ങി.

പ്രതിരോധത്തിൽ സന്ദേശ്‌ ജിങ്കന്റെ സാന്നിധ്യം നിർണായകമാകും. ഒഡെയ്‌ ഒനയ്‌ൻഡ്യയാണ്‌ പ്രതിരോധത്തിൽ ജിങ്കന്‌ കൂട്ട്‌. നോഹ സദൂയ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറി. ഇകർ ഗുറോക്‌സന വല്ലെയൊ, കാൾ മക്‌ഹ്യൂഗ്‌ എന്നിവരാണ്‌ പ്രധാന വിദേശതാരങ്ങൾ. മുന്നേറ്റത്തിൽ പതിനെട്ടുകാരൻ അലൻ സജിയും മധ്യനിരയിൽ ഇരുപത്തിരണ്ടുകാരൻ മുഹമ്മദ്‌ നെമിലുമാണ്‌ ടീമിലെ മലയാളിതാരങ്ങൾ.
 



deshabhimani section

Related News

View More
0 comments
Sort by

Home