വമ്പന്മാരാണ് ഈ കൊമ്പന്മാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 11:22 PM | 0 min read


തിരുവനന്തപുരം
സൗഹൃദമത്സരങ്ങൾക്കായി ഗോവയിലുള്ള സൂപ്പർ ലീഗ് കേരള ടീം‌‌ തിരുവനന്തപുരം കൊമ്പൻസ് സർവസജ്ജം. പ്രഥമ സീസണിൽ കിരീടമാണ്‌ ലക്ഷ്യം. മുഖ്യ പരിശീലകനായ ബ്രസീലുകാരൻ സെർജിയോ അലെസാൻഡ്രെയാണ് പ്രധാന കരുത്ത്. ഒപ്പം ആറു ബ്രസീലിയൻ താരങ്ങളുമുണ്ട്‌. പാട്രിക് മോട്ടോ,  ഓട്ടേമെർ ബിസ്‌പോ, ഡേവി കുൻഹ്, റെനൻ ജനുവാരിയോ,  മാർകോസ് വൈൽഡർ, മൈക്കേൽ അമേരികോ എന്നിവർ കേരളത്തിലെ കാലാവസ്ഥയുമായി ഇണങ്ങിക്കഴിഞ്ഞെന്നും ഇന്ത്യൻ താരങ്ങൾക്കൊപ്പം മികച്ച പോരാട്ടം നടത്തുമെന്നും സെർജിയോ പറഞ്ഞു. പരിചയസമ്പന്നനായ  മുപ്പത്തിരണ്ടുകാരൻ പാറ്റ് എന്ന പാട്രിക് മോട്ട ബ്രസീലിൽ രണ്ടാംഡിവിഷൻ ടീമുകൾക്കുവേണ്ടി

കളിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, തായ്‌ലൻഡ്, മാൾട്ട എന്നിവിടങ്ങളിലെ വിവിധ ക്ലബ്ബുകൾക്കുവേണ്ടിയും കളത്തിലിറങ്ങിയിരുന്നു. വിജയം അല്ലാതെ മനസ്സിൽ മറ്റൊന്നുമില്ലെന്നും ഇത് ഇന്ത്യയിലെ കന്നിമത്സരമാണെന്നും പാട്രിക് മോട്ട പറഞ്ഞു.സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ, ആഫ്രിക്ക, ലിബിയ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കുവേണ്ടി കളിച്ച ഓട്ടേമെർ ബിസ്‌പോയാണ് മറ്റൊരു തുറുപ്പുചീട്ട്. ഇരുപതുകാരനായ ഡേവി കുൻഹിനും ഇന്ത്യയിൽ ഇത് കന്നിമത്സരമാണ്. വലകാക്കാൻ ഇറങ്ങുന്നത് ആറടി അഞ്ചിഞ്ചുകാരനായ  മൈക്കേൽ അമേരികോയാണ്.

മുൻ ഇന്ത്യൻ താരവും ഇന്ത്യൻ സൂപ്പർ ലീഗിലുള്ള ചെന്നൈയിൻ എഫ്‌സിയുടെ ബി ടീമിന്റെ മുഖ്യ പരിശീലകനുമായ കാളി അലാവുദീനാണ് സഹപരിശീലകൻ. അണ്ടർ 20 ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പിങ് പരിശീലകൻ ബാലാജി നരസിംഹനാണ് ഗോൾ കീപ്പർമാർക്ക് തന്ത്രം പകരുക.

പിന്തുണയുമായി സഞ്ജുവും
തിരുവനന്തപുരം കൊമ്പൻസിന് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ്‌ താരം സഞ്ജു വി സാംസണും. തലസ്ഥാനത്തിന്റെ സ്വന്തം ടീമായ കൊമ്പൻസിന് എല്ലാ സഹായവും നൽകുമെന്നും സഞ്ജു ടീം മാനേജ്മെന്റിന് ഉറപ്പ് നൽകി.
 

 



deshabhimani section

Related News

View More
0 comments
Sort by

Home