ശോഭനം...ആശ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 29, 2024, 03:03 AM | 0 min read

തിരുവനന്തപുരം
"ആശി, സ്റ്റിൽ യു ഹാവ്‌ ടൈം ലെഫ്‌റ്റ്. യു ആർ നോട്ട്‌ ഡൺ യെറ്റ്‌'–- പ്രിയകൂട്ടുകാരിയുടെ ഈ വാക്കുകളാണ്‌ 33–-ാംവയസ്സിൽ ഇന്ത്യൻ ടീമിലേക്കുള്ള കുതിച്ചുചാട്ടത്തിന്‌ ആശ ശോഭനയ്ക്ക്‌ വഴിയൊരുക്കിയത്‌. പോണ്ടിച്ചേരിയിൽ വച്ച്‌ പരിചയപ്പെട്ട മുഖ്യ പരിശീലക ശ്വേത മിശ്രയുടെ വാക്കുകൾ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ളതല്ല തന്റെ കായികജീവിതമെന്ന്‌ ആശയെ ഓർമിപ്പിച്ചു.

വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംനേടിയ രണ്ടു മലയാളികളിൽ ഒരാളാണ്‌. "ഇതാണ്‌ കൃത്യമായ സമയം. ഇന്ത്യയിൽ വനിതാ ക്രിക്കറ്റ്‌ അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഹർമൻ പ്രീത്‌ കൗർ നയിക്കുന്ന ടീമിൽ കളിക്കാൻ കഴിഞ്ഞതാണ്‌ ഭാഗ്യം. കുറച്ച്‌ വർഷങ്ങളായി ഇന്ത്യൻ വനിതാ ടീമിൽ ലെഗ്സ്‌പിന്നർ ഇല്ലാതിരുന്നതും പ്രതീക്ഷ വർധിപ്പിച്ചു'–- ആശ പറഞ്ഞു.

പാൽകവറിൽ പേപ്പർ നിറച്ച്‌ റബറിട്ട്‌ മുറുക്കി, ചേട്ടനും കൂട്ടുകാർക്കുമൊപ്പം കളിച്ചുതുടങ്ങിയ കുട്ടിക്കാലം. അന്നത്തെ ഇഷ്‌ടവും ആവേശവും ഇപ്പോഴും ക്രിക്കറ്റിനോടുണ്ട്‌. "കുട്ടിക്കാലംമുതൽ വലംകൈ ലെഗ്‌സ്‌പിന്നറായിരുന്നു. അന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഓടി പന്തെറിയാനുള്ള മടികാരണം ബാറ്റിങ് കൂടുതലായി ചെയ്യാൻ തുടങ്ങി. ആ തിരിയുന്ന പന്തുകളാണ്‌ ലോകകപ്പ്‌ ടീമിലെത്തിച്ചത്‌.'

ഓട്ടോഡ്രൈവറായ അച്ഛൻ ബി ജോയിയുടെ വരുമാനമാണ്‌ ആകെ ഉണ്ടായിരുന്നത്‌. എല്ലാ ബുദ്ധിമുട്ടിലും പരിശീലനത്തിന്‌ പോകാനുള്ള യാത്രക്കൂലി ഉൾപ്പെടെ അച്ഛൻ കൂടുതലായി നൽകുമായിരുന്നു. ബുദ്ധിമുട്ട്‌ വരുമ്പോഴൊക്കെ സ്‌പോർട്‌സ്‌ കൗൺസിലിലെ പരിശീലകൻ ശ്രീകുമാറും വിമൻ ക്രിക്കറ്റ്‌ കേരളയുടെ ചെയർപേഴ്‌സണായിരുന്ന ഷബീന ജേക്കബ്ബും നൽകിയ പിന്തുണയും മറക്കാനാകില്ല. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ഒപ്പംനിന്നവരെയെല്ലാം ഇന്നും ഓർക്കുന്നു. "അച്ഛൻ ജോയിക്കും അമ്മ ശോഭനയ്ക്കും ക്രിക്കറ്റിനെക്കുറിച്ച്‌ വലിയ ധാരണ ഇല്ലാത്തതുകൊണ്ട്‌ ഞാൻ കൂളാണ്‌. ആഹാരം കഴിച്ചോ ഉറങ്ങിയോ എന്ന ചോദ്യംമാത്രമാണ്‌ അവരിൽനിന്ന്‌ ഉണ്ടായത്‌. ഒക്‌ടോബറിൽ ലോകകപ്പിനിറങ്ങുമ്പോൾ കുടുംബം ഗ്യാലറിയിൽ ഇരുന്ന്‌ കൈയടിക്കണമെന്നാണ്‌ ആഗ്രഹം'–- ആശ പറഞ്ഞുനിർത്തി.



deshabhimani section

Related News

View More
0 comments
Sort by

Home