ബംഗ്ലാചരിത്രം ; പാകിസ്ഥാനെ 10 വിക്കറ്റിന്‌ തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 04:58 PM | 0 min read


റാവൽപിണ്ടി
പാകിസ്ഥാൻ ബാറ്റിങ്‌നിരയെ തകർത്തെറിഞ്ഞ്‌ ബംഗ്ലാദേശിന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിൽ ചരിത്രജയം. ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ 10 വിക്കറ്റിനാണ്‌ പാകിസ്ഥാനെ തോൽപ്പിച്ചത്‌. പാകിസ്ഥാനെതിരെ ടെസ്‌റ്റിൽ നേടുന്ന കന്നിജയമാണ്‌. അഞ്ചാംദിനം പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സ്‌ 146ന്‌ ചുരുട്ടിക്കെട്ടിയ ബംഗ്ലാദേശ്‌ 30 റൺ ലക്ഷ്യം വിക്കറ്റ്‌ നഷ്ടമില്ലാതെ അടിച്ചെടുത്തു. സ്വന്തം തട്ടകത്തിൽ കഴിഞ്ഞ ഒമ്പത്‌ മത്സരങ്ങളിൽ പാകിസ്ഥാന്റെ അഞ്ചാം തോൽവിയാണ്‌. ഒരു ജയവുമില്ല. 2021നുശേഷം സ്വന്തം തട്ടകത്തിൽ ജയമില്ല. ബംഗ്ലാദേശിനെതിരെ ഒന്നാം ഇന്നിങ്‌സിൽ ആറിന്‌ 448 റണ്ണെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ബംഗ്ലാദേശിനായി 191 റണ്ണടിച്ച മുഷ്‌ഫിക്കർ റഹീമാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌.

സ്‌കോർ: പാകിസ്ഥാൻ 448/6, 146; ബംഗ്ലാദേശ്‌ 565, 30/0.

ഒന്നിന്‌ 23 റണ്ണെന്ന നിലയിൽ അഞ്ചാംദിനം രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ച പാക്‌ ബാറ്റിങ്‌ നിര ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുകയായിരുന്നു. പിച്ചിൽ ടേണും ബൗൺസും കിട്ടിയപ്പോൾ ബംഗ്ലാ സ്‌പിന്നർമാർ അപകടകാരികളായി. നാല്‌ വിക്കറ്റുമായി മെഹിദി ഹസൻ മിറാസും മൂന്ന്‌ വിക്കറ്റോടെ ഷാക്കിബ്‌ അൽ ഹസനും പാകിസ്ഥാൻ ബാറ്റർമാരെ നിലയുറപ്പിക്കാൻ വിട്ടില്ല. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയടിച്ച മുഹമ്മദ്‌ റിസ്വാൻമാത്രമാണ്‌ രണ്ടാം ഇന്നിങ്‌സിൽ പൊരുതിയത്‌. 51 റണ്ണാണ്‌ റിസ്വാൻ നേടിയത്‌. ഏഴുപേർ രണ്ടക്കം കണ്ടില്ല. മുൻ ക്യാപ്‌റ്റൻ ബാബർ അസമിന്‌ 22 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. പാകിസ്ഥാനെതിരെ കഴിഞ്ഞ 11 ടെസ്‌റ്റിൽ പത്തിലും ബംഗ്ലാദേശിന്‌ തോൽവിയായിരുന്നു. ഒരെണ്ണം സമനിലയായി. വിദേശമണ്ണിൽ കഴിഞ്ഞ ഏഴുവർഷത്തിനിടെ നേടുന്ന രണ്ടാമത്തെമാത്രം ജയമാണ്‌.  രണ്ടാം ടെസ്‌റ്റ്‌ 30ന്‌ തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home