മലയാളം മിഷൻ, സുഗതാഞ്ജലി ഫൈനൽ മത്സരം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 03:13 PM | 0 min read

മസ്‌ക്കറ്റ്> മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപനമത്സരം ഫൈനൽ മത്സരങ്ങൾ ആഗസ്ത് 23 വെള്ളിയാഴ്ച നടന്നു. മേഖലാ തല മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്.

മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ പരിധിയിലുള്ള മസ്‌ക്കറ്റ്, നിസ്വ, ഇബ്ര, സോഹാർ, സൂർ, സീബ് മേഖലാ മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ മത്സരിച്ച്‌ വിജയിച്ച ഇരുപത്തിയൊമ്പത്‌ കുട്ടികളാണ് ചാപ്റ്റർ തല ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ജൂനിയർ വിഭാഗത്തിൽ ആലാപ് ഹരിദാസ് ഒന്നാം സ്ഥാനവും, ദിയ ആർ നായർ രണ്ടാം സ്ഥാനവും, നിക്സ സജിത്ത് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ധ്യാനാ നിധീഷ്‌കുമാർ ഒന്നാം സ്ഥാനവും, മുഹമ്മദ് മാസിൻ രണ്ടാം സ്ഥാനവും, ആദിൽ കുര്യൻ വർഗീസ് മൂന്നാം സ്ഥാനവും നേടി. പ്രവാസിക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം വിത്സൺ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ ജെ രത്‌നകുമാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് മഹാദേവൻ, അനുപമ സന്തോഷ്, ഇന്ത്യൻ സ്‌കൂൾ ബിഒഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, കെ എം സി സി പ്രതിനിധി അബ്ദുൽ ഹഖ്, ഐ സി എഫ് പ്രതിനിധി മുഹമ്മദ് ശരീഫ്, സാമൂഹ്യപ്രവർത്തകരായ സുബൈർ, സുനിൽ പൊന്നാനി, ഹരിദാസ്, ഷെറീഫ്, മേഖലാ കോർഡിനേറ്റർ വിജീഷ്, സിജോ , ഷാനവാസ് മാസ്റ്റർ എന്നിവർ  സംസാരിച്ചു. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൈ പിടിച്ച് തിരികെയെത്തിക്കുന്നതിനായി തന്റെ രണ്ടു വർഷത്തെ സമ്പാദ്യം കരുതി സൂക്ഷിച്ചിരുന്ന കുടുക്ക മലയാളം മിഷൻ നിസ്വ മേഖലക്കമ്മിറ്റിക്ക് കൈമാറിയ ഇന്ത്യൻ സ്കൂൾ നിസ്വ ആറാം ക്ലാസ് വിദ്യാർത്ഥിനി അംന അൻസാറിനെ പരിപാടിയിൽ ആദരിച്ചു.


മലയാളത്തിന്റെ പ്രിയ കവയിത്രിയും, മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ എല്ലാ വർഷവും നടത്തി വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി.

ഇത്തവണത്തെ സുഗതാഞ്ജലിയിൽ സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴക്കവിതകളും, ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും, സീനിയർ വിഭാഗത്തിൽ ഇടശ്ശേരിക്കവിതകളുമാണ് ഉൾപ്പെടുത്തിയിരുന്നത്. ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിൽ നിന്നുള്ള കുട്ടികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്. ഓരോ ചാപ്റ്ററിൽ നിന്നും ആദ്യ മൂന്നു സ്ഥാനങ്ങൾ കിട്ടുന്ന കുട്ടികളെ നാട്ടിൽ വച്ചു നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. കാവ്യാലാപന മത്സരപരിപാടിയിൽ ആദ്യാവസാനം പങ്കെടുത്ത ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷാപ്രവർത്തകരേയും ഭാഷാധ്യാപകരേയും രക്ഷിതാക്കളെയും അഭിവാദ്യം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home