സാരഥി ഗുരുകുലം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 03:11 PM | 0 min read

കുവൈത്ത് സിറ്റി > സാരഥി കുവൈത്തിന്റെ ഭാഗമായ ഗുരുകുലം വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഗസ്ത് 16 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ ദൈവദശക ആലാപനത്തോടെ തുടങ്ങിയ ആഘോഷ ചടങ്ങ് സാരഥി പ്രസിഡന്റ്‌ കെ ആർ അജി ഉദ്ഘാടനം ചെയ്തു. സാരഥി ഗുരുകുലം പ്രസിഡന്റ് ശിവപ്രിയ സജി അധ്യക്ഷത വഹിച്ചു.

അനഘ രാജൻ അവതാരികയായി എത്തിയ ചടങ്ങിൽ സാരഥി ഗുരുകുലം വിദ്യാർഥി കാർത്തിക് നാരായൺ ഡിസൈൻ ചെയ്ത ഡിജിറ്റൽ പതാക ഉയർത്തി. കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും അറിയുവാനും അവരിൽ ഐക്യവും അഭിമാനവും വളർത്തുവാനും അവസരമൊരുങ്ങിയ വേദിയിൽ ദേശഭക്തിഗാനം, പ്രസംഗം, പ്രച്ഛന്ന വേഷം എന്നിങ്ങനെ വിവിധ മത്സരയിനങ്ങളിൽ 60 ലേറെ കുട്ടികൾ പങ്കെടുത്തു. മൂന്ന് സ്റ്റേജുകളിലായി സംഘടിപ്പിച്ച മത്സരങ്ങൾക്ക് ഗുരുകുലം ഭാരവാഹികൾ നേതൃത്വം നൽകി. കൂടാതെ സാരഥിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാപരിപാടികളും വേദിയിൽ അരങ്ങേറി.

സാരഥിയുടെ ഓരോ യൂണിറ്റിൽ നിന്നുമുള്ള ഗുരുകുലം കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മത്സരയിനങ്ങൾ സമയ ബന്ധിതമായി പൂർത്തീകരിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. സാരഥി കുവൈറ്റിന്റെ കേന്ദ്ര ഭാരവാഹികൾ, ട്രസ്റ്റ് ഭാരവാഹികൾ, കേന്ദ്ര വനിതാ വേദി ഭാരവാഹികൾ, മുതിർന്ന അംഗങ്ങൾ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീലേഖ സന്തോഷിനൊപ്പം സാരഥി കുവൈറ്റിന്റെ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന് നേതൃത്വം നൽകി. ചടങ്ങിൽ ഗുരുകുലം സെക്രട്ടറി ശിവേന്ദു ശ്രീകാന്ത് സ്വാഗതാവും ട്രഷറർ നാദ അജിത് നന്ദിയും പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home