ബ്രസീലിയൻ കൊമ്പൻസ് ; പ്രഥമ സൂപ്പർ ലീഗ് ഫുട്ബോളിന് സെപ്തംബർ ഏഴിന് തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 10:54 PM | 0 min read


തിരുവനന്തപുരം
ബ്രസീലിയൻ കരുത്തിൽ കൊമ്പൻസ് ഒരുങ്ങുന്നു. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തലസ്ഥാനത്തിന്റെ സ്വന്തം ടീമാണ് തിരുവനന്തപുരം കൊമ്പൻസ് എഫ്സി. ബ്രസീലിയൻ പരിശീലകനായ സെർജിയോ അലെസാൻഡ്രെയ്‌ക്കുകീഴിൽ കൊമ്പൻസ് കളംപിടിക്കാൻ ഒരുങ്ങുകയാണ്. യുഎഇ ക്ലബ് അൽ അറബിയുടെ പരിശീലകനായിരുന്ന സെർജിയോ തായ്‌ലൻഡിലെ ചന്താബുരി എഫ്സിയിൽനിന്നാണ്‌ എത്തിയത്. കാളി അലാവുദീനാണ്‌ സഹപരിശീലകൻ.

പാട്രിക് മോട്ട, മാർക്കോസ് വൈൽഡർ ഉൾപ്പെടെയുള്ള ആറു ബ്രസീലിയൻ താരങ്ങൾക്കൊപ്പം  പരിചയസമ്പന്നരായ ആറ് ദേശീയതാരങ്ങളുമുണ്ട്. തിരുവനന്തപുരം ജി വി രാജയിലും വിവിധ ടർഫുകളിലുമായാണ് പരിശീലനം പുരോഗമിക്കുന്നത്. തീരത്തിന്റെ മക്കളെ ബൂട്ടണിയിച്ച കോവളം എഫ്സി സ്ഥാപകരിലൊരാളായ ടി ജെ മാത്യുവാണ് ടീം ഉടമകളിലൊരാൾ. കിംസ് ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ എംഡി ഡോ. എം ഐ സഹദുള്ള, കേരള ട്രാവൽസ് എംഡി കെ സി ചന്ദ്രഹാസൻ, തിരുവനന്തപുരം ടെക്‌നോപാർക്ക് മുൻ സിഇഒ ജി വിജയരാഘവൻ, ടോറസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ അനിൽകുമാർ, ആർക്കിടെക്ട് എൻ എസ് അഭയകുമാർ, വ്യവസായികളായ അഹമ്മദ് കോയ മുക്താർ, അനു ഗോപാൽ വേണുഗോപാലൻ, ഡോ. ബി ഗോവിന്ദൻ, എബിൻ ജോസ്, എസ് ഗണേഷ് കുമാർ, ജോർജ് എം തോമസ്, ക്രിസ് ഗോപാലകൃഷ്ണൻ, എസ് നൗഷാദ്, ഡോ. ബി രവി പിള്ള, എസ് ഡി ഷിബുലാൽ, ജേക്കബ് പുന്നൂസ് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.
ഹോം ഗ്രൗണ്ടായി 
ചന്ദ്രശേഖരൻനായർ സ്റ്റേഡിയം

കൊമ്പൻസ് എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് പാളയത്തെ ചന്ദ്രശേഖരൻനായർ സ്റ്റേഡിയം. കൊമ്പൻസിന്റെ അഞ്ചു മത്സരങ്ങൾ ഇവിടെ നടക്കും. ഏകദേശം രണ്ടരക്കോടി രൂപ ചെലവിട്ട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള നിർമാണപ്രവൃത്തികൾ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിൽ നിലവിലുള്ള പുൽത്തകിടി, ഫ്ലഡ്‌ലൈറ്റ് എന്നിവ മാറ്റിസ്ഥാപിക്കും. പൊലീസിന്റെ കൈയിലുണ്ടായിരുന്ന സ്റ്റേഡിയം മൂന്നുവർഷത്തേക്കാണ് വിട്ടുകൊടുത്തിരിക്കുന്നത്. അഞ്ചു മത്സരങ്ങൾ കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തുമായിരിക്കും നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home