നീതി എവിടെ ? കൊൽക്കത്തയിൽ ബഗാൻ ഈസ്റ്റ്ബംഗാൾ ആരാധകരുടെ പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2024, 11:01 PM | 0 min read


കൊൽക്കത്ത
ശത്രുത മറന്ന്‌ കളത്തിലെ ബദ്ധവൈരികൾ ഒന്നിച്ചു. കൊൽക്കത്ത സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിനുമുന്നിൽ മുഷ്‌ടികളുയർത്തി അവർ അലറിവിളിച്ചു ‘നീതി എവിടെ’. ബംഗാളിലെ ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിലാണ്‌ മോഹൻബഗാൻ സൂപ്പർ ജയന്റിന്റെയും ഈസ്റ്റ്‌ബംഗാളിന്റെയും ആരാധകർ സംയുക്തപ്രതിഷേധം നടത്തിയത്‌.

പ്രതിഷേധമാർച്ചിലും സംഗമത്തിലും ആയിരങ്ങൾ അണിചേർന്നു. പ്രതിഷേധം ഭയന്ന്‌ ഞായറാഴ്‌ച ഡ്യൂറൻഡ്‌ കപ്പിൽ നടക്കേണ്ട ഇരുടീമുകളുടെയും മത്സരം കൊൽക്കത്ത പൊലീസ്‌ റദ്ദാക്കിയിരുന്നു. മത്സരത്തിനിടെ ബലാത്സംഗവിഷയത്തിൽ ഗ്യാലറിയിൽ ആരാധകരുടെ പ്രതിഷേധം ഉണ്ടാകുമെന്ന്‌ ഭയന്നായിരുന്നു ഇത്‌. സുരക്ഷാഭീഷണി മുൻനിർത്തിയാണ്‌ കളി ഉപക്ഷേിക്കാൻ പറഞ്ഞതെന്നാണ്‌ സർക്കാർവാദം. എന്നാൽ, ആരാധകർ ഇത്‌ നിഷേധിച്ചു.

‘ഫുട്‌ബോൾ കാണാനാണ്‌ ഞങ്ങൾ വരുന്നത്‌. ഞങ്ങളുടെ കൈയിൽ ബാനറുകളാണ്‌, കോടാലികളല്ല. ഭരണകൂടം എന്തിന്‌ ഇത്ര ഭയക്കണം’–-ഞായറാഴ്‌ച നടന്ന മാർച്ചിൽ ആരാധകർ ഉയർത്തിയ ബാനറിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു.

സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിനുമുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ച ആരാധകക്കൂട്ടത്തെ ലാത്തിച്ചാർജ്‌ നടത്തിയാണ്‌ പൊലീസ്‌ ഒഴിപ്പിച്ചത്‌.  ഇതിനെതിരെ ബഗാൻ ക്യാപ്റ്റനും ദേശീയതാരവുമായ സുഭാശിഷ് റോയ് ഉൾപ്പെടെയുള്ള കളിക്കാർ രംഗത്തെത്തി. സുഭാശിഷ് തെരുവിലെത്തി സമരക്കാരോടുള്ള പിന്തുണ അറിയിച്ചു.  നൂറുവർഷത്തിലേറെ പഴക്കമുള്ള വൈരമാണ്‌ ബഗാനും ഈസ്റ്റ്‌ബംഗാളും തമ്മിൽ. ചരിത്രത്തിൽ അപൂർവമായാണ്‌ ഇരുടീമിന്റെയും ആരാധകർ ഒന്നിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home