കോട്ട കാത്ത താരകമേ , നന്ദി ; സൂപ്പർതാരത്തിന്‌ വീരോചിത യാത്രയയപ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 10:51 PM | 0 min read


ന്യൂഡൽഹി
പത്തൊമ്പത് വർഷം ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവലയ്‌ക്കുമുന്നിൽ വിസ്‌മയങ്ങൾ തീർത്തശേഷം പി ആർ ശ്രീജേഷ്‌ നടന്നകലുന്നു. വീരോചിത യാത്രയയപ്പാണ്‌ ഹോക്കി സൂപ്പർതാരത്തിന്‌ ഡൽഹിയിൽ ഒരുക്കിയത്‌. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഇന്ത്യയെ വെങ്കലമെഡലിലേക്ക്‌ നയിച്ച ശ്രീജേഷിന്‌ ഹോക്കി ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്‌. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്ന്‌ മലയാളി ഗോൾകീപ്പർ വ്യക്തമാക്കിയിരുന്നു.

സഹകളിക്കാർ എല്ലാവരും ശ്രീജേഷിന്റെ പേരെഴുതിയ 16–-ാംനമ്പർ ജേഴ്‌സി ധരിച്ചാണ്‌ ചടങ്ങിനെത്തിയത്‌.  ‘ആധുനിക ഇന്ത്യൻ ഹോക്കിയുടെ ദൈവം’ എന്നായിരുന്നു ഹോക്കി ഇന്ത്യ മുപ്പത്താറുകാരനെ വിശേഷിപ്പിച്ചത്‌. സ്‌ക്രീനിൽ ആ വാക്കുകൾ തെളിഞ്ഞു.

കുടുംബത്തെ സാക്ഷിയാക്കി ശ്രീജേഷിനെ ഹോക്കി ഇന്ത്യ പ്രസിഡന്റ്‌ ദിലീപ്‌ ടിർക്കി ആദരിച്ചു. 25 ലക്ഷം രൂപയുടെ ചെക്കും കൈമാറി. മലയാളി താരത്തിന്റെ വിരോചിതമായ ഹോക്കി ജീവിതത്തെക്കുറിച്ച്‌ തയ്യാറാക്കിയ പ്രത്യേക പ്രദർശനവും വേദിയിൽ സംഘടിപ്പിച്ചു. സംഗീത നിർമാതാവ്‌ യഷ്‌രാജ് മുഖാട്ടെയാണ്‌ തയ്യാറാക്കിയത്‌.

പാരിസ്‌ ഒളിമ്പിക്‌സ്‌ ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലമെഡൽ നേടിയ മനു ഭാകറും ചടങ്ങിലുണ്ടായിരുന്നു. നിങ്ങളാണ്  മികച്ച താരം, സഹോദരാ–- എന്നെഴുതിയ ജേഴ്‌സി മനു ശ്രീജേഷിന്‌ സമ്മാനിച്ചു.

വൈകാരികമായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ‘നിങ്ങൾ നൽകിയ ആദരത്തിന്‌ മറുപടി പറയാൻ വാക്കുകളില്ല. പതിനെട്ട്‌ വർഷം അനുഭവിച്ച ഉയർച്ച താഴ്‌ചകളാണ്‌ എന്നെ ഇന്നത്തെ നിലയിലെത്തിച്ചത്‌. രാജ്യാന്തര കളിക്കാരൻ എന്ന നിലയിൽ ഓരോ നിമിഷവും ആസ്വദിച്ചു. കുടുംബത്തിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. സഹകളിക്കാർ എന്റെ രണ്ടാംകുടുംബമായിരുന്നു. അവരെ ഇനി എനിക്ക്‌ നഷ്ടമാകും. കായികരംഗത്തുനിന്ന്‌ മാറിനിൽക്കില്ല. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ഈ ദിനം എന്നും ഞാൻ ഓർത്തുവയ്‌ക്കും–- ശ്രീജേഷ്‌ പറഞ്ഞു. സംസാരത്തിനിടയിൽ മുപ്പത്താറുകാരന്റെ കണ്ണുകൾ നിറഞ്ഞു.

നടത്തിയത്‌ വിടവാങ്ങൽ ചടങ്ങല്ലെന്നും 19 വർഷംകൊണ്ട്‌ ശ്രീജേഷ്‌ നേടിയതും സംഭാവന ചെയ്‌തതുമായ നേട്ടങ്ങളുടെ ആഘോഷമാണെന്നും ദിലീപ്‌ ടിർക്കെ പറഞ്ഞു. ഇന്ത്യൻ ഹോക്കിക്ക്‌ നൽകിയ സംഭാവന പരിഗണിച്ച്‌ ശ്രീജേഷ്‌ ആധുനിക ഇന്ത്യൻ ഹോക്കിയുടെ ദൈവം എന്ന്‌ വിളിക്കപ്പെടണമെന്നും ടിർക്കി പ്രതികരിച്ചു.
മുതിർന്ന ജ്യേഷ്‌ഠനെപ്പോലെയാണ്‌ ശ്രീജേഷ്‌ തങ്ങളെ ഉപദേശിച്ചിരുന്നതെന്ന്‌ ദേശീയ ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്‌ പറഞ്ഞു. പരിശീലകൻ ക്രെയ്ഗ് ഫുൾട്ടണും ശ്രീജേഷിന്‌ ആശംസകൾ നേർന്നു. ചടങ്ങളിൽ ശ്രീജേഷിന്റെ അച്ഛൻ പി വി രവീന്ദ്രൻ, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. പി കെ അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅൻഷ് എന്നിവരും പങ്കെടുത്തു.


 

‘പതിനാറാം നമ്പർ ജേഴ്‌സി ഇനിയില്ല’
പി ആർ ശ്രീജേഷ്‌ അണിഞ്ഞ 16–-ാംനമ്പർ ജേഴ്‌സിയും ഇന്ത്യൻ സീനിയർ ഹോക്കി ടീമിലില്ല. സീനിയർ ടീമിൽ ഒരു കളിക്കാരനും ഇനി 16–-ാംനമ്പർ ജേഴ്‌സി ഉണ്ടാകില്ലെന്ന്‌ ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ്‌ പറഞ്ഞു. ജൂനിയർതലത്തിൽ മാത്രമാകും ഇനി 16–-ാംനമ്പർ അനുവദിക്കുക.  ശ്രീജേഷ്‌ ജൂനിയർ ടീമിന്റെ പരിശീലകനാകും. ജൂനിയർ ടീമിൽ 16–-ാംനമ്പർ ജേഴ്‌സി അണിയുന്ന മറ്റൊരു ശ്രീജേഷിനെ വാർത്തെടുക്കുമെന്നും ഭോല നാഥ്‌- സിങ്‌ പറഞ്ഞു.ഇന്ത്യൻ ഹോക്കിയിലെ സുവർണകാലം അവസാനിക്കുന്നു. ശ്രീജേഷിന്റെ പാരമ്പര്യം എക്കാലവും നിലനിൽക്കും. അസാധ്യമായിരുന്ന സേവുകളിലൂടെ തലമുറകളെ അദ്ദേഹം പ്രചോദിപ്പിക്കും –-ജേഴ്‌സിയുടെ ചിത്രം സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച്‌ ഹോക്കി ഇന്ത്യ കുറിച്ചു.

നാളെ 
കൊച്ചിയിൽ 
വരവേൽപ്പ്‌
ഒളിമ്പിക്സ്‌ ഹോക്കിയിൽ വെങ്കലമെഡൽ നേടിയ പി ആർ ശ്രീജേഷിന്‌ നാളെ കൊച്ചിയിൽ വൻവരവേൽപ്പ്‌. ഡൽഹിയിൽനിന്ന്‌ പകൽ 2.30ന്‌ നെടുമ്പാശേരിയിൽ വിമാനമിറങ്ങും. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കായികപ്രേമികളും ചേർന്ന്‌ സ്വീകരിക്കും. യുസി കോളേജ്‌ ഓഡിറ്റോറിയത്തിലാണ്‌ പ്രധാന സ്വീകരണം. അവിടെനിന്ന്‌  ശ്രീജേഷിനെ വീട്ടിലേക്ക്‌ ആനയിക്കും. കേരള ഒളിമ്പിക്സ് അസോസിയേഷൻ, കേരള ഹോക്കി അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ എന്നിവ ചേർന്നാണ് സ്വീകരണം ഒരുക്കുന്നത്‌.


 



deshabhimani section

Related News

View More
0 comments
Sort by

Home