നീരജ്‌ ചോപ്ര ഫൈനലിൽ; ഗോദയിൽ കരളുറപ്പിന്റെ ഗാഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2024, 06:21 AM | 0 min read

പാരിസ്‌
തെരുവിൽ ജ്വലിച്ച വിനേഷ്‌ ഫോഗട്ട്‌ ഒളിമ്പിക്‌സ്‌ ഗോദയിൽ ഇടിമുഴക്കമായി.  ബിജെപി എംപിയും ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഇരുപത്തൊമ്പതുകാരി ഫെെനലിലെത്തി. ക്യൂബയുടെ യുസ് നെയ്ലിസ് ഗുസ്മാൻ ലോപ്പസിനെയാണ് തോൽപ്പിച്ചത്. 50 കിലോ ഫ്രീ സ്‌റ്റെലിലാണ്‌ നേട്ടം. ഗുസ്‌തിതാരങ്ങൾക്കെതിരായ ലൈംഗികാതിക്രമം ചോദ്യം ചെയ്‌തതിന്‌ 40 ദിവസം ഡൽഹിയിലെ തെരുവിൽ വേട്ടയാടപ്പെട്ടു. തുടർന്ന്‌  പരിക്കും. എല്ലാം അതിജീവിച്ച്‌ ഹരിയാനക്കാരി പാരിസിൽ നിറഞ്ഞു.

ഇതുകണ്ട ഇന്ത്യയുടെ ജാവലിൻത്രോ ചാമ്പ്യൻ നീരജ്‌ ചോപ്ര പ്രതികരിച്ചു ‘അസാധാരണം’. ഗുസ്‌തിക്കാരൻ ബജ്‌റംഗ് പൂണിയ പറഞ്ഞു ‘ഇത്‌ ബ്രിജ്‌ഭൂഷന്റെ മുഖത്തേറ്റ അടി’. 82 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ ഒന്നാംസീഡ്‌ യുയു സുസാക്കിയെ 53 കിലോവിഭാഗത്തിൽ വീഴ്‌ത്തിയാണ്‌ അരങ്ങേറ്റം. നാലുതവണ ലോക ചാമ്പ്യനും നിലവിലെ ഒളിമ്പിക്‌സ്‌ ജേത്രിയുമാണ്‌ ജാപ്പനീസ്‌ താരം. മത്സരം അവസാനിക്കാൻ അഞ്ച്‌ സെക്കൻഡ്‌ ശേഷിക്കുംവരെ വിനേഷ്‌ പിന്നിലായിരുന്നു.

നീരജ്‌ ചോപ്രയുടെ സുവർണജാവലിൻ വീണ്ടും ഹൃദയം കീഴടക്കുന്നു. പുരുഷന്മാരുടെ ജാവലിൻത്രോയിൽ ഹരിയാനക്കാരൻ അനായാസം ഫൈനലിലെത്തി. വ്യാഴം രാത്രി 11.55ന്‌ മെഡൽ പോരാട്ടം.
യോഗ്യതാറൗണ്ടിൽ ആദ്യ ഏറിൽ 89.34 മീറ്ററാണ്‌ താണ്ടിയത്‌. ജീവിതത്തിലെ മികച്ച രണ്ടാമത്തെ ദൂരമാണ്‌ ഇരുപത്താറുകാരൻ മറികടന്നത്‌.  സീസണിലെ ഏറ്റവും മികച്ച പ്രകടനം. സഹതാരം കിഷോർകുമാർ ജെന 18–-ാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. 12 പേർക്കാണ്‌ ഫൈനലിലേക്ക്‌ യോഗ്യത.



deshabhimani section

Related News

View More
0 comments
Sort by

Home