അഖിൽ എസ് സാം; തളരാത്ത മനസ്സുമായി ഉന്നം പിഴയ്ക്കാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2024, 01:14 AM | 0 min read

കാട്ടാക്കട >  വീല്‍ചെയറിലാണെങ്കിലും തളരാത്ത മനസ്സുമായി ഉന്നം പിഴയ്ക്കാതെ അഖിൽ എസ് സാം ഒന്നാമത്. പാലക്കാട് നടന്ന സംസ്ഥാന എയർ റൈഫിൾസ്റ്റാന്റിങ് ചാമ്പ്യൻഷിപ്പിൽ 10 മീറ്ററില്‍ ഒന്നാം സ്ഥാനം നേടി കാട്ടാക്കട തൂങ്ങാംപാറ ബഥേൽ ഭവനിലെ അഖിൽ എസ് സാം. പരിമിതികളോട് പടവെട്ടി നേടിയതാണ് വിജയം. 2016ല്‍ വീടിനുസമീപം തൂങ്ങാംപാറയിലുണ്ടായ അപകടം 27കാരനായ അഖിലിന്റെ ജീവിതം മാറ്റിമറിച്ചു. 

കെഎസ്ആർടിസി ബസില്‍ ബൈക്കിച്ച് സ്പൈനൽ കോഡില്‍ തകരാറുണ്ടായി. അരയ്ക്ക് താഴെ നിശ്ചലമായി. പിന്നീട് ജീവിതം വീൽ ചെയറിലുമായി. എങ്കിലും തളരാത്ത മനസ്സുമായി അഖിൽ പരിമിതി മറികടക്കാന്‍ പ്രയത്നം തുടങ്ങി. ലോട്ടറി കച്ചവടം ചെയ്ത്‌ ചികിത്സയ്ക്കും മറ്റും പണം കണ്ടെത്തി. നാല് വർഷം മുൻപ് ഷൂട്ടിങ്ങില്‍ പരിശീലനം ആരംഭിച്ചു. ഇപ്പോൾ പാരീസ് പാരാ ഒളിമ്പിക്സിലുള്ള സിദ്ധാർഥ ബാബുവിന്റെ ശിക്ഷണത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിലാണ് പരിശീലനം. 2021, 2022ല്‍ നാഷണൽ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തെ 11ല്‍ ഇടംനേടി. 2023ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദേശീയ മത്സരത്തിനിറങ്ങിയില്ല. അച്ഛൻ സാമിന്റെയും അമ്മ ഷീബയുടെയും പിന്തുണയാണ് അഖിലിന്റെ കരുത്ത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോട്ടടിപ്പിക്കുന്നുണ്ട്.

മത്സരത്തിന് മുമ്പുള്ള ഷൂട്ടിങ് നിയമങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ആത്മധൈര്യം ഉന്നംപിഴച്ചില്ല. മത്സരത്തിനുള്ള ഷൂട്ടിങ് ജാക്കറ്റ് പഴകിയതിനാല്‍ പ്രയാസപ്പെടുത്തുന്നുണ്ട്. പുതിയ ജാക്കറ്റ് വാങ്ങാനുള്ള പണവുമില്ല. സഹായം കിട്ടിയിരുന്നെങ്കിൽ കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയങ്ങൾ നേടാനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അഖിൽ.



deshabhimani section

Related News

View More
0 comments
Sort by

Home