തൂവൽ കൊഴിഞ്ഞു; ഷൂട്ടിങ്ങിലും 
ബാഡ്‌മിന്റണിലും വെങ്കല നഷ്‌ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 07:39 PM | 0 min read

പാരിസ്‌ > മിനിറ്റുകളുടെ ഇടവേളയിൽ രണ്ട്‌ വെങ്കല മെഡൽ കൈവിട്ട ഇന്ത്യക്ക്‌ പാരിസിൽ നിരാശയുടെ ദിനം. ബാഡ്‌മിന്റൺ പുരുഷ സിംഗിൾസിൽ ആദ്യ ഗെയിം നേടി ഗംഭീരമായി തുടങ്ങിയെങ്കിലും ലക്ഷ്യ സെൻ തുടർന്നുള്ള രണ്ട്‌ ഗെയിമിലും മലേഷ്യയുടെ ലീ സി ജിയയോട്‌ പൊരുതി വീണു. വലത്‌ കൈയ്‌ക്കേറ്റ പരിക്ക്‌ മത്സരത്തിനിടെ ഇന്ത്യൻ താരത്തെ അലട്ടി. ഷൂട്ടിങ്‌ സ്‌കീറ്റ്‌ മിക്‌സഡ്‌ ടീം ഇനത്തിലെ വെങ്കലപ്പോരാട്ടത്തിലും ഇന്ത്യക്ക്‌ ഉന്നംതെറ്റി. അനന്ദ്‌ജീത്‌ സിങ്‌ നരൂക്ക–- മഹേശ്വരി ചൗഹാൻ എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം ചൈനയോട് 44–-43നാണ്‌ വീണത്‌. 

ബാഡ്‌മിന്റണിൽ ആദ്യ ഗെയിമിന്റെ തുടക്കത്തിലേ വ്യക്തമായ ലീഡ്‌ നേടിയ ലക്ഷ്യ സെൻ 21–-13ന്‌ വിജയിച്ചു. രണ്ടാം ഗെയിമിൽ 6–-2ന്റെ ലീഡ്‌ നേടി മെഡലിനോട്‌ കൂടുതൽ അടുത്തു. വലതുകൈയിലെ മുറിവിൽനിന്ന്‌ രക്തം വന്നതോടെ ലക്ഷ്യ ചികിത്സ തേടി. ഈ അവസരം മലേഷ്യൻ താരം മുതലാക്കിയതോടെ 16–-21ന്‌ രണ്ടാം ഗെയിം കൈവിട്ടു. നിർണായകമായ മൂന്നാംഗെയിം 21–-11ന്‌ നേടിയ ലീ സി ജിയ വെങ്കലം ഉറപ്പിച്ചു.  

പതിനഞ്ച്‌ ടീമുകൾ മത്സരിച്ച ഷൂട്ടിങ്‌ സ്‌കീറ്റ്‌ മിക്‌സഡ്‌ ടീം പ്രാഥമിക റൗണ്ടിൽ നാലാമതെത്തിയാണ്‌ ഇന്ത്യൻ സഖ്യം വെങ്കല മെഡൽ പോരാട്ടത്തിന്‌ യോഗ്യത നേടിയത്‌. ഇറ്റലി, അമേരിക്ക, ചൈന എന്നിവർക്ക്‌ പുറകിൽ നാലാമതായാണ്‌ ഇന്ത്യ ഫിനിഷ്‌ ചെയ്‌തത്‌. ചൈനയുടെ യിറ്റിങ്‌ ജിയാങ്‌–-ജിയാൻ ലിൻ ലിയു എന്നിവരോട്‌ അവസാന റൗണ്ട്‌വരെ പൊരുതിയാണ്‌ നരൂക്ക–-മഹേശ്വരി സഖ്യം വീണത്‌. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ വെങ്കല മെഡൽ പോരാട്ടത്തിൽ ചൈനീസ്‌ സഖ്യം ജയിച്ചുകയറി.



deshabhimani section

Related News

View More
0 comments
Sort by

Home