കളിഗോപുരങ്ങൾ കൺതുറക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 25, 2024, 10:49 PM | 0 min read

പാരിസ്‌
ഒളിമ്പിക്‌സിന്റെ 32 പതിപ്പിലുമായി ഇന്ത്യയ്‌ക്ക്‌ നേടാനായത്‌ 35 മെഡൽ. അതിൽ സ്വർണം പത്ത്‌. അമേരിക്ക കഴിഞ്ഞ ഒളിമ്പിക്‌സിൽ മാത്രം 39 സ്വർണം നേടിയെന്നറിയുമ്പോഴാണ്‌ ഇന്ത്യ എവിടെനിൽക്കുന്നുവെന്ന്‌ മനസ്സിലാകുക. ഇത്തവണ 16 ഇനങ്ങളിലായി 117 പേരാണ്‌ ടീമിലുള്ളത്‌. അത്‌ലറ്റിക്‌സിലാണ്‌ വലിയ സംഘം–-29. ഷൂട്ടിങ്ങിൽ 21 പേരുണ്ട്‌.

പുരുഷ ഹോക്കി ടീം 19 അംഗങ്ങളുടേതാണ്‌. ടേബിൾ ടെന്നീസിൽ എട്ടുപേരുണ്ട്‌. ബാഡ്‌മിന്റണിൽ ഏഴ്‌ താരങ്ങൾ. ഗുസ്‌തിയിലും അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും ആറുപേർവീതം അണിനിരക്കുന്നു. ഗോൾഫിന്‌ നാലുപേരാണ്‌. ടെന്നീസിൽ മൂന്നുപേരും നീന്തലിലും സെയ്‌ലിങ്ങിലും രണ്ടുപേർവീതവും മാറ്റുരയ്‌ക്കുന്നു. അശ്വാഭ്യാസം, ജൂഡോ, തുഴച്ചിൽ, ഭാരോദ്വഹനം എന്നീ ഇനങ്ങളിൽ ഓരോ താരങ്ങളുണ്ട്‌. 

പുരുഷ ടീമിനെ ടേബിൾടെന്നീസ്‌ താരം അചന്ത ശരത്‌ കമലും വനിതകളെ ബാഡ്‌മിന്റൺ താരം പി വി സിന്ധുവും നയിക്കും. മുൻ ഒളിമ്പ്യനും ഷൂട്ടിങ്‌ താരവുമായ ഗഗൻ നരംഗാണ്‌ സംഘത്തലവൻ. കഴിഞ്ഞതവണ ടോക്യോയിൽ 124 അംഗ ടീമായിരുന്നു. ഒരു സ്വർണവും രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവുമായി 48–-ാംസ്ഥാനത്തെത്തി. 2016 റിയോയിൽ 117 അംഗ സംഘമാണ്‌ അണിനിരന്നത്‌.

പുരുഷ ഹോക്കിയിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നു. എട്ട്‌ സ്വർണവും ഒരു വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെയുള്ള നേട്ടം. 41 വർഷത്തിനുശേഷം കഴിഞ്ഞതവണ വെങ്കലം കിട്ടി. ഹർമൻപ്രീത്‌ സിങ് നയിക്കുന്ന ടീമിന്റെ ആദ്യകളി നാളെ ന്യൂസിലൻഡിനെതിരെയാണ്‌. ബാഡ്‌മിന്റണിൽ രണ്ട്‌ മെഡലുള്ള പി വി സിന്ധുവിലാണ്‌ പ്രതീക്ഷ. വനിതാ സിംഗിൾസിൽ 2016ൽ വെള്ളി നേടിയ സിന്ധു 2020ൽ വെങ്കലം സ്വന്തമാക്കി. പുരുഷ സിംഗിൾസിൽ മലയാളിയായ എച്ച്‌ എസ്‌ പ്രണോയിയും ലക്ഷ്യ സെന്നും മത്സരിക്കുന്നു. സാത്വിക്‌ സായ്‌രാജ്‌–-ചിരാഗ്‌ ഷെട്ടി സഖ്യം ഡബിൾസിൽ മെഡൽ നേടാൻ സാധ്യതയുള്ളവരാണ്‌. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനു കഴിഞ്ഞതവണ വെള്ളി ഉയർത്തിയതാണ്‌. ബോക്‌സിങ്ങിലെ വെങ്കല ജേത്രി ലവ്‌ലിന ബൊർഗോഹെയ്നും ഗുസ്‌തിയിൽ വിനേഷ്‌ ഫോഗട്ടും സാധ്യതാ പട്ടികയിൽ ഉൾപ്പെടുന്നു. അത്‌ലറ്റിക്‌സിൽ നീരജ്‌ ചോപ്രയാണ്‌ ശ്രദ്ധാകേന്ദ്രം. ജാവലിൻത്രോയിൽ സ്വർണം നിലനിർത്തുക എളുപ്പമല്ല.
 

നയിക്കാൻ ഹരിയാന
ഒളിമ്പിക്‌സ്‌ മെഡൽപ്രതീക്ഷകളുമായി പാരിസിലെത്തിയ 117 അംഗ ഇന്ത്യൻ സംഘത്തെ ‘നയിക്കുന്നത്‌’ ഹരിയാന. ടോക്യോയിലെ സ്വർണമെഡൽ ജേതാവ്‌ നീരജ്‌ ചോപ്രയടക്കം 24 പേരാണ്‌ ഹരിയാനക്കാർ. പത്ത്‌ ഹോക്കി താരങ്ങളടക്കം 18 പേർ പഞ്ചാബിൽനിന്നുണ്ട്‌. കേരളത്തിൽനിന്ന്‌ പി ആർ ശ്രീജേഷ്‌, അബ്ദുള്ള അബൂബക്കർ, മുഹമ്മദ്‌ അനസ്‌, മുഹമ്മദ്‌ അജ്‌മൽ, മിജോ ചാക്കോ കുര്യൻ, അമോജ്‌ ജേക്കബ്‌, എച്ച്‌ എസ്‌ പ്രണോയ്‌ എന്നിവരും പാരിസിലുണ്ട്‌. തമിഴ്‌നാട്‌–-13, കർണാടകം–-7, ആന്ധ്രപ്രദേശ്‌–-4, തെലങ്കാന–-4, മഹാരാഷ്‌ട്ര–-5, ഒഡിഷ–-2, പശ്ചിമബംഗാൾ–-3, മണിപ്പുർ–-2, അസം–-2, സിക്കിം–-1, ബിഹാർ–-1, ഉത്തർപ്രദേശ്‌–-8, മധ്യപ്രദേശ്‌–-3, രാജസ്ഥാൻ–-2, ഗുജറാത്ത്‌–-2, ഉത്തരാഖണ്ഡ്‌–-4, ജാർഖണ്ഡ്‌–-1, ഡൽഹി–-3 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിലെ പ്രാതിനിധ്യം. ഛത്തീസ്‌ഗഢ്‌, മിസോറം, മേഘാലയ, അരുണാചൽപ്രദേശ്‌, നാഗാലാൻഡ്‌, ത്രിപുര, ഹിമാചൽപ്രദേശ്‌, ഗോവ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽനിന്നുള്ള ആരും സംഘത്തിലില്ല. ബാഡ്‌മിന്റൺ താരം താനിഷ ക്രസ്‌റ്റോയാണ്‌ ടീമിലെ വിദേശി. ദുബായിലാണ്‌ താനിഷ ജനിച്ചത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Home