സഞ്‌ജു തിളങ്ങി, ഇന്ത്യ നേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 12:10 PM | 0 min read

ഹരാരെ 
സിംബാബ്‌വെക്കതിരായ അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ജയിച്ച്‌ ലോക ചാമ്പ്യൻമാരായ ഇന്ത്യ 4–-1ന്‌ പരമ്പരനേട്ടം പൂർത്തിയാക്കി. അഞ്ചാമത്തെ കളിയിൽ 42 റണ്ണിനാണ്‌ ജയം. 12 പന്തിൽ 26 റണ്ണും രണ്ട്‌ വിക്കറ്റും നേടിയ ശിവം ദുബെയാണ്‌ കളിയിലെ താരം. സിംബാബ്‌വെ ക്യാപ്‌റ്റൻ സിക്കന്ദർ റാസയുടെ റണ്ണൗട്ടൊരുക്കിയതും  ദുബെയാണ്‌. അഞ്ച്‌ കളിയിൽ 28 റണ്ണും എട്ടു വിക്കറ്റുമെടുത്ത വാഷിങ്ടൺ സുന്ദറാണ്‌ പരമ്പരയിലെ താരം. സ്‌കോർ: ഇന്ത്യ 167/6, സിംബാബ്‌വെ 125 (18.3). |

 
ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റെടുത്ത ഇന്ത്യക്കായി മലയാളി ബാറ്റർ സഞ്‌ജു സാംസൺ അർധസെഞ്ചുറി നേടി. 45 പന്തിൽ 58 റണ്ണെടുത്ത വിക്കറ്റ്‌കീപ്പർ നാല്‌ സിക്‌സറും ഒരു ഫോറും പറത്തി. ദുബെയുടെ (26) അതിവേഗ ഇന്നിങ്സിൽ രണ്ടുവീതം ഫോറും സിക്‌സറുമുണ്ട്‌. റിയാൻ പരാഗ്‌ 22 റൺ നേടി. ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളിനും (12) ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനും (13) വലിയ സ്‌കോർ സാധ്യമായില്ല. അഭിഷേക്‌ ശർമ 14 റണ്ണിന്‌ പുറത്തായി. 
 
വിജയത്തിലേക്ക്‌ ബാറ്റേന്താൻ സിംബാബ്‌വെക്ക്‌ ഒരിക്കൽപ്പോലും സാധിച്ചില്ല. ആദ്യ ഓവറിൽ മുകേഷ്‌ കുമാർ വെടി ഉതിർത്തു. റണ്ണെടുക്കാതെ ഓപ്പണർ വെസ്‌ലി മടങ്ങി. ഡിയോൺ മയേഴ്‌സും (34) ഫറസ്‌ അക്രവും (27) പൊരുതിനോക്കി. ഓപ്പണർ ടഡിവനഷെ മരുമനി 27 റൺ നേടി. ബൗളർമാരിൽ പേസർ മുകേഷാണ്‌ മികച്ച പ്രകടനം നടത്തിയത്‌. 3.3 ഓവറിൽ 22 റണ്ണിന്‌ നാല്‌ വിക്കറ്റെടുത്തു. ദുബെ നാല്‌ ഓവറിൽ 25 റൺ വിട്ടുകൊടുത്താണ്‌ രണ്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. തുഷാർ ദേശ്‌ പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക്‌ ശർമ എന്നിവർക്ക്‌ ഓരോ വിക്കറ്റുണ്ട്‌. 
 
ആദ്യകളി 13 റണ്ണിന്‌ ജയിച്ച്‌ സിംബാബ്‌വെ ഇന്ത്യൻ യുവനിരയെ ഞെട്ടിച്ചിരുന്നു. രണ്ടാം മത്സരം 100 റണ്ണിന്‌ ജയിച്ച്‌ ഇന്ത്യ തിരിച്ചുവന്നു. അടുത്തത്‌ 23 റണ്ണിന്‌ ജയിച്ച്‌ ഇന്ത്യ നാലാമത്തേത്‌ 10 വിക്കറ്റിനാണ്‌ നേടിയത്‌.


deshabhimani section

Related News

View More
0 comments
Sort by

Home