ഗൾഫ് സമ്പദ്‌വ്യവസ്ഥ 3.4 ശതമാനം വളർച്ച നേടും

world bank
avatar
വിജേഷ് കാർത്തികേയൻ

Published on Feb 16, 2025, 01:15 PM | 1 min read

അബുദാബി: ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച നിരക്ക് ഈ വർഷം 3.4 ശതമാനത്തിലെത്തുമെന്ന്‌ ലോകബാങ്ക്‌ വൈസ് പ്രസിഡന്റ് ഔസ്‌മാൻ ഡിയോൺ. 2026-ൽ ഇത്‌ 4.1 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക (മെന) മേഖലയ്ക്ക് മൊത്തത്തിൽ 3.3 ശതമാനം വളർച്ച നിരക്ക്‌ പ്രതീക്ഷിക്കുന്നതായും ഔസ്‌മാൻ ഡിയോൺ ദുബായിൽ ലോക സർക്കാർ ഉച്ചകോടിയിൽ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.


എണ്ണ ഉൽപ്പാദിപ്പിക്കുന്നതും എണ്ണ ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങൾക്കിടയിൽ വളർച്ച നിരക്കുകൾ വ്യത്യാസപ്പെടും. വൈവിധ്യവൽക്കരണ ശ്രമങ്ങളാൽ ജിസിസി രാജ്യങ്ങൾ ശക്തമായ സാമ്പത്തിക സ്ഥാനം നിലനിർത്തും. കൂടാതെ, എണ്ണ ഇതര മേഖലകളിലെ ഗണ്യമായ നിക്ഷേപങ്ങളിൽനിന്ന് ഗൾഫ് സമ്പദ്‌വ്യവസ്ഥകൾക്ക് പ്രയോജനം ലഭിക്കും.


ജലസുരക്ഷ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി ലോക ബാങ്കും മുഹമ്മദ് ബിൻ സായിദ് ജല സംരംഭവും തമ്മിൽ ധാരണപത്രം ഒപ്പുവച്ചതായും ഡിയോൺ പറഞ്ഞു. ലോകത്തെ ഉപ്പുവെള്ളം നീക്കം ചെയ്യുന്ന ജല ഉൽപ്പാദനത്തിന്റെ ഏകദേശം 55 ശതമാനവും മെന മേഖലയിലാണ്‌. ജല പുനരുപയോഗം, മെച്ചപ്പെട്ട വിഭവ മാനേജ്മെന്റ്, ചോർച്ച കണ്ടെത്തുന്നതിനും കൂടുതൽ കാര്യക്ഷമമായി സംവിധാനം മെച്ചപ്പെടുത്തുന്നതിനും നിർമിത ബുദ്ധിയും ആധുനിക സാങ്കേതികവിദ്യകളും സംയോജിപ്പിക്കൽ ഉൾപ്പെടെയുള്ള ബദൽ പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home