ബജറ്റ് കേരളവിരുദ്ധം: പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

union budget 2025
വെബ് ഡെസ്ക്

Published on Feb 03, 2025, 05:45 PM | 3 min read

കേരളത്തിന്റെ ആവശ്യങ്ങളെ അപ്പാടെ തള്ളിക്കള‍ഞ്ഞ കേന്ദ്ര ബജറ്റിൽ പ്രതിഷേധവുമായി വിവിധ പ്രവാസി സംഘടനകൾ.


പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റിൽ പ്രതിഷേധം : കല കുവൈത്ത്


കുവൈത്ത് ‌ സിറ്റി: പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ, വിശിഷ്യാ കേരളത്തിന്റെ സാമ്പത്തിക സ്രോതത്തിന്റെ മുഖ്യ പങ്കുവഹിക്കുന്ന പ്രവാസികളെ അപ്പാടെ മറന്നു കൊണ്ടാണ് സമീപകാല കേന്ദ്ര ബജറ്റുകൾ പോലെ തന്നെ ഇത്തവണയും കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നും‌തന്നെ ബജറ്റിൽ വകയിരുത്തിയിട്ടില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായുള്ള പ്രത്യേക പാക്കേജ്, വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പ്രത്യേക പരിഗണന, എയിംസ്, റെയിൽവേ കോച്ച് നിർമാണശാല പോലുള്ള വൻകിട പദ്ധതികൾ തുടങ്ങി കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബീഹാറിനായ് വൻ പദ്ധതികളാണ് കേന്ദ്രം ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളുടെ ദുരിതത്തിന് മുൻപിൽ മുഖം തിരിക്കുന്ന സമീപനമാണ് സംഘപരിവാർ ഗവൺമെന്റ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കല കുവൈത്ത് ‌ പ്രസിഡന്റ്‌ മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.


കേരളം ഇന്ത്യയിൽ തന്നെ ആണെന്ന് രാജ്യം ഭരിക്കുന്നവർ ഓർക്കണം: ജിദ്ദ നവോദയ

ജിദ്ദ : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ച നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള രാഷ്ട്രീയ എതിർപ്പിന്റെ തുറന്ന പതിപ്പാണ് കേന്ദ്ര ബജറ്റ്‌. അടിയന്തിര പ്രാധാന്യം അർഹിക്കുന്നതും ന്യമായതുമായ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചത്.


സമസ്ത മേഖലകൾക്കും വേണ്ടിയുള്ള കാര്യങ്ങളെ തിരസ്കരിച്ചു കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയോടുള്ള അവഗണന പ്രതിഫലിപ്പിക്കുന്ന ബജറ്റ് തികച്ചും പ്രതിഷേധാർഹമാണെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി പത്രകുറിപ്പിൽ അറിയിച്ചു.


കേരള വിരുദ്ധ പ്രവാസി വിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: എൻ കെ കുഞ്ഞഹമ്മദ്


ദുബായ് : കേരളത്തെ ഉൾപ്പടെ പല സംസ്ഥാനങ്ങളെയും അവഗണിച്ച ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് യുഎഇയിൽ നിന്നുള്ള ലോക കേരള സഭ അംഗവും പ്രവാസ ക്ഷേമ ബോർഡ് ഡയറക്ടറുമായ എൻ കെ കുഞ്ഞഹമ്മദ് പറഞ്ഞു. ഇന്ത്യൻ സമ്പദ്ഘടനയെ തന്നെ പരിപൂർണ്ണമായി അവഗണിച്ചിരിക്കുകയാണ് കേന്ദ്ര ബജറ്റ്. എല്ലാവരോടും തുല്യ സമീപനമല്ല സ്വീകരിച്ചിട്ടുള്ളത് . കേരളത്തെയും തെക്കൻ സംസ്ഥാങ്ങളെയും പൂർണമായും ബജറ്റ് അവഗണിച്ചു. ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുമ്പോഴാണ് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോടു പോലും മുഖംതിരിച്ചത്.


24000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം പരിഗണിച്ചില്ല. മുണ്ടക്കൈ- ചൂരൽമലക്കായി പ്രത്യേക പാക്കേജ് നൽകണമെന്ന ആവശ്യവും തള്ളിക്കളഞ്ഞു. വയനാടിനോട്‌ കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്‌. ബിജെപി ഒഴികെ കേരളത്തിലെ എംപിമാർ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച്‌ വയനാട്‌ സഹായത്തിനായും സമ്മർദം ചെലുത്തിയതുമാണ്‌. അവയൊന്നും പരിഗണിക്കാൻ പോലും തയ്യാറായില്ല. പ്രവാസി വിരുദ്ധ ബജറ്റ് ആണ് ഇതെന്നും ശകത്മായ പ്രതിഷേധം ഉണ്ടാകണം എന്നും എൻ കെ കുഞ്ഞഹമ്മദ് പറഞ്ഞു.


കേന്ദ്ര ബഡ്ജറ്റ് : രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കും- ബഹ്റൈൻ പ്രതിഭ


മനാമ: കേന്ദ്ര ബഡ്ജറ്റ് രാജ്യത്തെ അസമത്വം വർദ്ധിപ്പിക്കുമെന്ന് ബഹ്റൈൻ പ്രതിഭ. രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനത്തിലേറെ കർഷകർ ആയിരിക്കെ കാർഷിക മേഖലയ്ക്ക് ബഡ്ജറ്റിൽ  നീക്കിവെച്ചിരിക്കുന്നത് 3.38 ശതമാനമാണ്. ഇത്  സമ്പന്നർക്ക് വേണ്ടി ഉണ്ടാക്കിയ ദരിദ്ര വിരുദ്ധ ബഡ്ജറ്റ് കൂടിയാണ്. വർദ്ധിച്ച തോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിൽ ഉയർച്ച ഇല്ലാത്തതിനാലും നടുവൊടിയുന്ന സാധാരണ ജനതക്ക് ആശ്വാസകരമാവാൻ മൂലധന ചെലവുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ  ആവശ്യക്കാരുടെ  എണ്ണം കൂടിയിട്ടും കഴിഞ്ഞവർഷത്തെ 86,000 കോടി രൂപ  മാത്രം നിലനിർത്തി ഗ്രാമീണ ജനതയെ പറ്റിക്കുകയാണ്  കേന്ദ്രം ചെയ്യുന്നത്. പട്ടികജാതിക്കാർക്ക് 3.4 ശതമാനവും പട്ടികവർഗ്ഗക്കാർക്ക് 2.6 ശതമാനവും മാത്രമാണ് ബഡ്ജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ സംസ്ഥാനവിരുദ്ധ ബഡ്ജറ്റിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ബഹ്റൈൻ പ്രതിഭ അറിയിച്ചു.


കേന്ദ്ര ബജറ്റ് കേരളത്തോടുള്ള പൂർണ അവഗണന; കൈരളി സലാല


സലാല: ബജറ്റിലൂടെ കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ചത് തികഞ്ഞ അവഗണന ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങളിൽ ഒന്നിനോടും പ്രതികരിച്ചില്ല. മധ്യവർഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും രാജ്യത്തെ രണ്ട് ശതമാനം മാത്രമായ ആദായനികുതി നൽകുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അടക്കം അവഗണിച്ചു. വൻ വികസന കുതിപ്പ് പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പോർട്ടിൻ്റെ കാര്യത്തിലും ശത്രുതാപരമായ സമീപനമാണ് യൂനിയൻ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു അത് ഉണ്ടായില്ല. എത്രത്തോളം രാഷ്ട്രീയ സങ്കുചിത്വമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് ഇതുനോക്കിയാൽ വ്യക്തമാകും. ഇതിനെതിരെ കേരളത്തിലെ ആബാലവൃന്ദം ജനങ്ങളും കൈകോർക്കണമെന്ന് കൈരളി സലാല അഭ്യർത്ഥിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home