വില വർധന തടയാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി യുഎഇ

ദുബായ് : വില വർധന തടയാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി യുഎഇ. വിപണി വില നിർണയത്തിലെ സർക്കാർ നിരീക്ഷണം വർധിപ്പിക്കുക, അവശ്യവസ്തുക്കളുടെ അന്യായ വില വർധന തടയുക എന്നിവയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി നാഷനൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്‌ഫോം അഥവാ ദേശീയ ചരക്ക് വില നിയന്ത്രണ പ്ലാറ്റ്ഫോം എന്ന പുതിയ സംവിധാനമാണ് യുഎഇ സാമ്പത്തിക മന്ത്രാലയം ആരംഭിച്ചത്. ശക്തമായ വിപണി മേൽനോട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു പ്ലാറ്റ്‌ഫോമുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ഹൈപ്പർമാർക്കറ്റുകൾ, പ്രധാന സ്റ്റോറുകൾ, സഹകരണ സ്ഥാപനങ്ങൾ, എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ഔട്ട്ലെറ്റുകളിലുടനീളം നിരീക്ഷണം ശക്തമാക്കും. അവശ്യ സാധനങ്ങളായ പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് തുടങ്ങിയ ഒമ്പത് സാധനങ്ങളുടെ വില നിരീക്ഷിക്കാൻ ഇത് വഴി സാധിക്കും. ഈ അവശ്യ വസ്തുക്കളിലെ യുഎഇയുടെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും പുതിയ പ്ലാറ്റ്‌ഫോമിന്റെ നിരീക്ഷണത്തിന്റെ പരിധിയിൽ വരും. ഈ പ്ലാറ്റ്ഫോം ഉപഭോക്തൃ സംരക്ഷണത്തിനും വിപണി സ്ഥിരതയ്ക്കുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന സംരംഭമാണെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി യുഎഇ ഒരു സംയോജിത നിയമനിർമ്മാണ, നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര, മൊത്ത വ്യാപാര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒപ്പം ഷോപ്പിങ്ങിനായി സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് യുഎഇയുടെ ലക്ഷ്യം. യു എ യിൽ ഉടനീളമുള്ള വിപണികളിലെ വിലയിലെ ഏറ്റക്കുറച്ചിലുകൾ പ്ലാറ്റ്ഫോം തൽക്ഷണം ട്രാക്ക് ചെയ്യും. തുടർന്ന് സർക്കാർ നിശ്ചയിച്ചിട്ടുള്ള മുൻനിശ്ചയിച്ച വില പരിധിയുമായി അവയെ താരതമ്യം ചെയ്യും. വിലയിലെ കൃത്രിമത്വം, അന്യായമായ വില വർധനവ്, വ്യാപാരികളുടെയോ വിതരണക്കാരുടെയോ വിപണി ചൂഷണം എന്നിവ തടയാൻ ഇതുവഴി സാധിക്കും. കൂടാതെ, പ്ലാറ്റ്ഫോം വിപുലമായ ഡാറ്റ ശേഖരണവും വിശകലന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിയമം പാലിക്കാത്ത ചില്ലറ വിൽപ്പന ശാലകൾ കൃത്യമായി കണ്ടെത്തുന്നതിനും അവയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോം സഹായകമാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വില നിയന്ത്രിക്കുന്ന പുതിയ വിലനിർണ്ണയ നയം ഈ വർഷം ആദ്യം യുഎഇ നടപ്പിലാക്കിയിരുന്നു. അതിനെ തുടർന്നാണ് ഈ നീക്കം. പുതിയ നയം പ്രകാരം, ലിസ്റ്റ് ചെയ്ത ഒൻപത് ഉൽപ്പന്നങ്ങളുടെയും വില വർധനവ് സാമ്പത്തിക മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ സാധ്യമാകൂ. ഇതിനു പുറമെ, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കാനും അവ സർക്കാർ ആവശ്യപ്പെടുന്ന ആരോഗ്യ, വാണിജ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്ലാറ്റ്ഫോം സഹായിക്കും.









0 comments