ഉത്തര അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്കായി യുഎഇയുടെ രക്ഷാസംഘം

അബുദാബി: ഉത്തര അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിനായുള്ള സംഘത്തെ യുഎഇ അയച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം നടത്തുന്ന ദൗത്യത്തിന്റെ ഭാഗമായി, ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ്, യുഎഇ എയ്ഡ് ഏജൻസി, എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്നീ സ്ഥാപനങ്ങളുടെ ടീമുകൾ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക അധികാരികളുമായി സഹകരിച്ച് അവലോകനം നടത്തുകയും ആവശ്യമായ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.
യുഎഇ ഉത്തര അഫ്ഗാനിസ്ഥാനിലേക്കുള്ള എയർ ബ്രിഡ്ജ് പ്രവർത്തനവും ആരംഭിച്ചു. ഇതിലൂടെ അത്യാവശ്യ സഹായ സാമഗ്രികൾ, മരുന്നുകൾ, താത്കാലിക താമസക്യാമ്പുകൾക്കുള്ള ടെന്റുകൾ എന്നിവ അയക്കും. അതിവേഗ സഹായം ഉറപ്പാക്കാൻ പ്രാദേശിക വിപണികളിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ 3ന് മസാർ-എ-ഷരീഫ് നഗരത്തിനു സമീപം ഉണ്ടായ 6.3 തീവ്രതയുള്ള ഭൂകമ്പത്തിൽ പത്തു പേർ മരിച്ചു, നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പ്രാദേശിക അധികാരികളുടെ മുന്നറിയിപ്പ്.









0 comments