യുഎഇയിൽ ഇന്ധന വില വർധിപ്പിച്ചു

മനാമ: രണ്ടുമാസത്തിനുശേഷം യുഎഇ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്ന് ശനി പ്രാബല്യത്തിൽ വരും. ജനുവരിയെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വില ലിറ്ററിന് 12 മുതൽ 14 ഫിൽസ് (2.83 രൂപ മുതൽ 3.07 രൂപ) വരെ കൂടും. ഗുണ നിലവാരം ഉയർന്ന സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമാണ് (64.59 രൂപ) പുതുക്കിയ വില. ജനുവരിയിൽ ഇതിന് 2.61 ദിർഹമായിരുന്നു (61.52 രൂപ). സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63 ദിർഹമായിരിക്കും (62 രൂപ) വില. ജനുവരി നിരക്ക് 2.50 ദിർഹമായിരുന്നു(58.93 രൂപ).
2.43 ദിർഹമുണ്ടായിരുന്ന (57.28 രൂപ) ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.55 ദിർഹമാണ് (60.11 രൂപ) പുതുക്കിയ വില. ഡീസൽ ലിറ്ററിന് 2.82 ദിർഹമാണ് (66.47 രൂപ) പുതിയ നിരക്ക്. നേരത്തെ 2.68 ദിർഹം(63.17 രൂപ). പുതിയ നിരക്കുകളിൽ വിലകളിൽ 5 ശതമാനം മൂല്യവർധിത നികുതിയും (വാറ്റ്) ഉൾപ്പെടുന്നു. അതേസമയം, പുതുക്കിയ ഇന്ധന വില 2024 ജനുവരിയേക്കാൾ 7 ശതമാനം കുറവാണ്. ജനുവരിയിലെ വില മരവിച്ചതിനെ തുടർന്നുള്ള ക്രമീകരണങ്ങളാണ് ഇതിന് കാരണം. ഡിസംബറിലും ജനുവരിയിലും നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.
ആഗോള എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളും വിതരണ കമ്പനികളുടെ പ്രവർത്തനച്ചെലവും അടിസ്ഥാനമാക്കി 2015 മുതൽ രാജ്യത്തെ ഇന്ധനവില പ്രതിമാസം ഊർജ മന്ത്രാലയം അവലോകനം ചെയ്യുന്നു. ഇതനുസരിച്ച് ഒരോ മാസത്തേയും ഇന്ധന നിരക്കുകൾ സർക്കാർ മുൻകുട്ടി പ്രഖ്യാപിക്കുകയാണ് പതിവ്.









0 comments