പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്; ദേശീയ ആഘോഷത്തിനോരുങ്ങി ആഭ്യന്തര മന്ത്രാലയം

fireworks
വെബ് ഡെസ്ക്

Published on Feb 19, 2025, 09:58 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾ അടുത്തിരിക്കെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി ആഭ്യന്തര മന്ത്രാലയവും അഗ്‌നിശമന സേനയും വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി അൽ- ഉസ്താദ് അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലുമായി 23 നിശ്ചിത സുരക്ഷാ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കും.


ഗൾഫ് സ്ട്രീറ്റിലെ സയന്റിഫിക് സെന്ററിന് എതിർവശം, ബ്‌നെയിദ് അൽ-ഗാർ, ജൂലൈ'അ എന്നിവിടങ്ങളിൽ മൂന്ന് പ്രധാന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ എമർജൻസികളെ നേരിടാൻ പൂർണ്ണ സജ്ജീകരണങ്ങളോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കുവൈത്ത് അഗ്‌നിശമന സേനയിലെയും കുവൈത്ത് മുനിസിപ്പാലിറ്റിയിലെയും ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും.


സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനായി റെസിഡൻഷ്യൽ ഏരിയകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. ദിവസം മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെയുണ്ടാകും. അഗ്‌നിബാധകളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ അഗ്‌നിശമന വാഹനങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ പൗരന്മാരും താമസക്കാരും വഴികൾ ഒഴിഞ്ഞ് നൽകണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ അൽ-ഗരീബ് അഭ്യർഥിച്ചു.


വെടിക്കെട്ടുകൾ നടത്തരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അവ തീപിടുത്തത്തിനും അപകടങ്ങൾക്കും കാരണമാവുകയും ആഘോഷങ്ങളുടെ ശോഭ കെടുത്തുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. ഈ ആഘോഷങ്ങൾ സുരക്ഷിതമായും ആനന്ദപൂർണമായും നടക്കുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home