യുഎഇയിൽ താപനില ഉയരും

ദുബായ്: രാജ്യത്തുടനീളം താപനില ഉയരുന്നതായി യുഎഇ ദേശീയ കാലാവസ്ഥ കേന്ദ്രം. കിഴക്കൻ പ്രദേശങ്ങൾ ഒഴികെ യുഎഇയിലെ മിക്ക പ്രദേശത്തും കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തുടനീളം കൊടും ചൂട് വ്യാപിച്ചിട്ടുണ്ട്. ഞായർ ഉച്ചയ്ക്ക് 1.30ന് ഫുജൈറയിലെ തവിയേനിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില 46.6 ഡിഗ്രിയാണ്.
ഞായറാഴ്‌ച വിവിധ പ്രദേശങ്ങളിൽ 40 മുതൽ 45 ഡിഗ്രി വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. താപനില വർധിക്കുന്നതിനുപുറമെ ശക്തമായ പൊടിക്കാറ്റും താമസക്കാർക്കും പൗരന്മാർക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്. മണിക്കൂറിൽ 15 മുതൽ -25 വരെ കിലോമീറ്റർ വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ചിലപ്പോൾ ഇത് 45 കിലോമീറ്റർവരെ വേഗത കൈവരിക്കുന്നു. ഇത് ഉയർന്ന തോതിൽ ദൃശ്യപരത കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്രതീക്ഷിത പൊടിക്കാറ്റ് ഉണ്ടാകാനും റോഡുകളിലെ കാഴ്ചയ്ക്ക് തടസ്സം സൃഷ്‌ടിക്കാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം നിർദേശിച്ചു. അലർജിക്ക് സാധ്യതയുള്ള വ്യക്തികൾ പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. ഈർപ്പത്തിന്റെ അളവ് പരമാവധി 70 ശതമാനംവരെ എത്തുമെന്ന് പ്രവചിക്കപ്പെടുന്നതായും കേന്ദ്രം വ്യക്തമാക്കി.









0 comments