താപനില 51 ഡിഗ്രിയിലേക്ക്: കുവൈത്തിൽ അതിതീവ്ര ചൂട് തുടരുന്നു, പൊടിക്കാറ്റിന് സാധ്യത

കുവൈത്ത് സിറ്റി : രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര ചൂട് അനുഭവപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. റബിയ, ജഹ്‌റ, അബ്ദലി എന്നിവിടങ്ങളിലെ പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസായി ഉയർന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപം കൊണ്ട മൺസൂൺ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് അതിതീവ്ര ചൂട് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അതിശക്തമായ ചൂടുകാറ്റുകളും ഇടയ്ക്കിടെ പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റ് കനക്കുകയും തുറന്നപ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ദൂരദൃശ്യമാറ്റത്തിനും കാരണമാകുന്നതായും മുന്നറിയിപ്പ് നൽകി. യാത്ര ചെയ്യുന്നവർ ഈ സാഹചര്യത്തിൽ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
താപനില ചൊവ്വാഴ്ചയോടെ കുറയാൻ സാധ്യതയുണ്ടെന്നും പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസിനിടയിലായിരിക്കും എന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. എന്നിരുന്നാലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരുമെന്നതിനാൽ പൊടിക്കാറ്റിന്റെ സാധ്യത തുടരുമെന്ന് ആക്റ്റിംഗ് ഡയറക്ടർ വ്യക്തമാക്കി.
0 comments