ഒഎൻവിയ്ക്ക് കാവ്യാഞ്ജലിയായി സുഗതാഞ്ജലി ഫൈനൽ

മുഹമ്മദ് അമീൻ (സീനിയര്‍), ദിയ ആർ നായർ (ജൂനിയർ), ചന്ദ്രമൗലി (സബ്ജൂനിയർ)
മസ്‌കത്ത്: മലയാളത്തിന്റെ പ്രിയ കവി ഒ എൻ വിയുടെ ഓർമകൾക്കു മുന്നിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് ഒമാൻ മലയാളം മിഷൻ കുട്ടികൾ. സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർ തല മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി അൻപതോളം കുട്ടികളാണ് പ്രിയ കവിയുടെ കവിതകൾ ആലപിച്ചത്. ബുറൈമി, സോഹാർ, സീബ്, റുഷ്താഖ്, സൂർ, ഇബ്ര, നിസ്വ, മസ്‌കത്ത് എന്നിവിടങ്ങളിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

സെപ്റ്റംബർ 26ന് ഇബ്രയിലെ അൽ ഷർഖിയ സാൻഡ്‌സ് ഹോട്ടലിൽ നടന്ന ചാപ്റ്റർ തല ഫൈനൽ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ സൂർ മേഖലയിൽ നിന്നുള്ള ചന്ദ്രമൗലി ഒന്നാം സ്ഥാനം നേടി. ഇബ്ര മേഖലയിൽ നിന്നുള്ള അനിക രതീഷ് രണ്ടാം സ്ഥാനവും സീബ് മേഖലയിൽ നിന്നുള്ള ഇവ മാക്‌മിൽട്ടൻ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സോഹാർ മേഖലയിൽ നിന്നുള്ള ദിയ ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മസ്‌ക്കറ്റ് മേഖലയിൽ നിന്നുള്ള ആലാപ് ഹരിദാസ് രണ്ടാം സ്ഥാനവും ഇബ്രയിൽ നിന്നുള്ള അവന്തിക കെ കെ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സീബ് മേഖലയിൽ നിന്നുള്ള മുഹമ്മദ് അമീൻ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ സ്‌കൂൾ സീബ് മലയാള വിഭാഗം മേധാവി അനിജ ഷാജഹാൻ, ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് മലയാള വിഭാഗം മേധാവി കലാ സിദ്ധാർത്ഥൻ, ഇന്ത്യൻ സ്‌കൂൾ മബേല മലയാള വിഭാഗം മേധാവി സി പി സുധീർ എന്നിവരാണ് വിധിനിർണ്ണയം നടത്തിയത്. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ, ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം നിധീഷ് കുമാർ എന്നിവർ പങ്കെടുത്തു.









0 comments