കെ സി വേണുഗോപാലിന്റെ വക നിയമസഭാ സീറ്റ് ഓഫർ; രാജിപിൻവലിച്ച് ഡിസിസി പ്രസിഡന്റ് എൻ ശക്തൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം എൻ ശക്തൻ രാജിവച്ച വാർത്തപുറത്തു വന്നതിന് പിന്നാലെ ഇടപെട്ട് കെ സി വേണുഗോപാൽ. കെപിസിസിക്ക് രാജിക്കത്ത് കൈമാറിയ സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ നിയമസഭാ സീറ്റ് ഓഫറുമായി എത്തിയത്. ഇതോടെ രാജി വാർത്ത നിഷേധിച്ച് ശക്തൻ രംഗത്ത്‌വന്നു. ശക്തൻ തദ്ദേശ തെരഞ്ഞെടുപ്പ് വരെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. നെയ്യാറ്റിൻകര സീറ്റിലാണ് ശക്തന്റെ നോട്ടം.
തൽക്കാലത്തേക്ക് എന്നുപറഞ്ഞ് ഏൽപ്പിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് നേതാക്കളെ അറിയിച്ചിട്ടും നടപടിയുണ്ടാകാഞ്ഞതിനെ തുടർന്നായിരുന്നു ശക്തന്റെ നീക്കം.തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള തന്റെ മോഹത്തിന് പ്രസിഡന്റ് സ്ഥാനം പാരയാകുമെന്ന് കണ്ടാണ് രാജിയിലേക്ക് എത്തിയത്.
പാലോട് രവി ഫോൺ വിവാദത്തിൽ കുടുങ്ങിയപ്പോൾ ശക്തന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം ഉറപ്പുനൽകി. സ്ഥാനമൊഴിഞ്ഞ പാലോട് രവി തന്റെ ആളാണെന്നും പകരം വരുന്നതും താൻ നിർദേശിക്കുന്നയാളാകണമെന്നുമുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പിടിവാശിമൂലം പുതിയ പ്രസിഡന്റിനെ വയ്ക്കാനാകുന്നില്ലെന്ന് ശക്തന്റെ രാജിയെ അനുകൂലിക്കുന്നവർ പറയുന്നു. ചെമ്പഴന്തി അനിലിനെയല്ലാതെ മറ്റാരെയും പരിഗണിക്കാൻ സതീശൻ സമ്മതിക്കുന്നുമില്ലെന്നും ചർച്ചയായിരുന്നു.









0 comments