ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാല്‍; ആദ്യം കണ്ടത് ശുചീകരണത്തൊഴിലാളികൾ

ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ കണ്ട മനുഷ്യന്റെ കാല്‍ പൊലീസ് പരിശോധിക്കുന്നു| ഫോട്ടോ കെ എസ് ആനന്ദ്
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ചൊവ്വ രാവിലെ 10.30ഓടെയാണ് പ്ലാറ്റ്ഫോം രണ്ടിൽ മുട്ടിന് താഴെയുള്ള ഭാഗം കാണപ്പെട്ടത്. മൃതദേഹാവിശിഷ്ടത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമുട്രെയിൻ ട്രാക്കിൽനിന്ന് യാർഡിലേക്ക് മാറ്റിയപ്പോഴാണ് ശുചീകരണത്തൊഴിലാളികൾ കാൽ കണ്ടെത്തിയത്.
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ കണ്ട മനുഷ്യന്റെ കാല്‍ പൊലീസ് പരിശോധിക്കുന്നു| ഫോട്ടോ കെ എസ് ആനന്ദ്
ട്രെയിനിന് മുന്നിൽ ആരെങ്കിലും ആത്മഹത്യചെയ്താണോയെന്ന സംശമുണ്ട്. ട്രെയിനിൽ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോൾ വീണതെന്നാണ് റെയിൽവേ പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആരുടേതാണെന്ന് തിരിച്ചറിയാൻ ഡിഎൻഎ അടക്കമുള്ള പരിശോധനയും നടത്തും. റെയിൽവേ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹാവിശിഷ്ടം മെഡിക്കൽകോളജിലേക്ക് മാറ്റി.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമു വിവിധസ്ഥലങ്ങളിൽ സർവിസ് നടത്തുന്നുണ്ട്. ആലപ്പുഴയിൽനിന്ന് കൊല്ലം, കൊല്ലം– കോട്ടയം, കോട്ടയം– ഷെർണൂർ, ഷെർണൂർ– എറണാകുളം എന്നിങ്ങനെയാണ് സർവീസ്. അതിനാൽ വിവിധ സ്റ്റേഷനുകളിൽ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.









0 comments