ഇന്ത്യ ഷെയ്ഖ് ഹസീനയെ കെെമാറുമോ?

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകുന്നതിൽ തീരുമാനം ബംഗ്ലാദേശിന്റെ അപേക്ഷ കിട്ടിയ ശേഷം. ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാകാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കരുതലോടെ വിഷയം കൈകാര്യം ചെയ്യുകയാണെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടു നൽകിയേ മതിയാകൂവെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഇന്ന് രേഖാമൂലം ആവശ്യം ഇന്ത്യയെ അറിയിക്കും. 2024ലെ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം ഉപേക്ഷിക്കേണ്ടിവന്ന ഷെയ്‌ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്.
അതേസമയം, ഇന്ത്യ ഹസീനയെ അത്ര പെട്ടെന്ന് ബംഗ്ലാദേശിന് കെെമാറില്ലെന്ന് രാഷ്രീയ നിരീക്ഷകർ കരുതുന്നു. ഹസീനക്കെതിരായ വധശിക്ഷ മുഹമ്മദ് യൂനസ് ഇടക്കാല സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന കൃത്യമായ ബോധ്യം ഇന്ത്യക്കുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശ് ഇപ്പോൾ ഭരിക്കുന്നത് ഇന്ത്യ വിരുദ്ധ ശക്തികളാണ്. ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസാണെങ്കിൽ ഇന്ത്യയെ നിരന്തരം വിമർശിക്കുന്ന വ്യക്തിയും. ഹസീനയെ പുറത്താക്കിയ നേതാക്കളെല്ലാവരും തന്നെ ഇന്ത്യയുടെ നിലപാടിനെതിരെ നിരന്തരം രംഗത്തുവരുന്നവരുമാണ്-ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഹസീനയെ ഇന്ത്യ കെെമാറിയാൽ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ സ്വീകരിച്ച നടപടികളെയെല്ലാം അംഗീകരിക്കും വിധമാകുമെന്ന് രാജ്യം കരുതുന്നു- ജവഹർലാൽ നെഹ്റു സർവകലാശാല സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രൊ ഫസർ സഞ്ജയ് ഭരദ്വാജ് പ്രതികരിച്ചു.

ഡൽഹി- ധാക്ക ബന്ധം നിലവിൽ മരവിച്ച അവസ്ഥയിലാണ്. സാമ്പത്തികം സുരക്ഷ രാഷ്ട്രീയം എന്നീ മേഖലകളിൽ ശക്തമായ ബന്ധം നിലനിന്നിരുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലവിലുള്ളത് അവിശ്വാസമാണ്. അതിനാൽ തന്നെ ഹസീനയെ വിട്ടുകിട്ടാത്തിടത്തോളം കാലം ഈ ബന്ധം ഒരിക്കലും നല്ല രീതിയിൽ മുന്നോട്ട് പോകാൻ ബംഗ്ലാദേശ് സമ്മതിക്കില്ല- ഇന്ത്യൻ മുൻ ഹെെക്കമ്മീഷണർ ചക്രവർത്തി പ്രതികരിച്ചു
ഇതിനിടെ, ബംഗ്ലാദേശിൽ വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നത് നല്ല സൂചനയാണ്. ഫെബ്രുവരിയിലാണ് ബംഗ്ലാദേശിൽ വീണ്ടും തെരഞ്ഞെടുപ്പുള്ളത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയും ഡൽഹിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്നു. എന്നാൽ പോലും പുതിയ സർക്കാർ അധികാരത്തിലേറിയാൽ ചർച്ചകൾ നടത്താൻ കൂടുതൽ സാധ്യതയാണ് ഇന്ത്യക്ക് നിലനിൽക്കുന്നത്. നിലവിലെ അവസ്ഥയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതിനല്ല. പുതിയ സർക്കാർ ബംഗ്ലാദേശിൽ വരിക തന്നെ വേണം. ഇന്ത്യ അതിനായി കാത്തിരിക്കണം.- ചക്രവർത്തി വിശദീകരിച്ചു.
20 വർഷത്തോളം പ്രധാനമന്ത്രിക്കസേരയിലിരുന്ന് ലോകചരിത്രത്തിന്റെ ഭാഗമായ വനിതയാണ് വീണ്ടും മരണം ഭയന്ന് അഭയാർഥിയായിരിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനികളുടെ മക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രകടനങ്ങളാണ് ഹസീനയുടെ സർക്കാരിനെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി ആളിപ്പടർന്നത്. സുരക്ഷാസേനയെ ഉപയോഗിച്ചുള്ള അടിച്ചമർത്തലിന് സർക്കാർ ഒരുന്പെട്ടതോടെ സംഘർഷം വ്യാപിച്ചു. 2024 ജൂലൈ 15നും ആഗസ്‌ത് 15നുമിടയിൽ നടന്ന പ്രക്ഷോഭത്തിൽ 1400 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്.
2024 ആഗസ്ത് അഞ്ചിന് അധികാരത്തിൽനിന്ന് പുറത്തായ ഹസീനയ്‌ക്ക് ജീവനുംകൊണ്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഹസീനയെ പുറത്താക്കിയതിനെ തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നിലവിൽവന്നു. യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ ഹസീന ഉപകരണമാക്കിയ ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ (ഐസിടി) 2024-ലെ അടിച്ചമർത്തലുമായി ബന്ധപ്പെട്ട് ഹസീനയെ അവരുടെ അഭാവത്തിൽ വിചാരണ ചെയ്യുകയും തൂക്കുകയർ വിധിക്കുകയുമാണ് ചെയ്‌തത്.









0 comments