പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി

കുവൈത്ത് സിറ്റി: നഗരത്തിന്റെ പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിൽ വാഹനങ്ങൾ പൊതുസ്ഥലങ്ങളിലും റോഡുകളിലും ഉപേക്ഷിക്കരുതെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഉപേക്ഷിക്കപ്പെട്ട ഓരോ വാഹനത്തിനും കുറഞ്ഞത് 100 ദിനാർ പിഴ ചുമത്തും. കൂടാതെ, വാഹനം മാറ്റുന്നതിനുള്ള ഗതാഗതച്ചെലവും പ്രത്യേക യാർഡിൽ സൂക്ഷിക്കുന്നതിനുള്ള ദിവസേനയുള്ള ഫീസും ഉടമകൾ നിർബന്ധമായും അടയ്ക്കണം.
വാഹന ഉടമകളുടെ അനാസ്ഥ മൂലം വർഷങ്ങളായി പല സ്ഥലങ്ങളിലും നിരവധി വാഹനങ്ങൾ നിർത്തിയിടുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വാഹനങ്ങൾ നഗരത്തിന്റെ ഭംഗിയും വിനോദസഞ്ചാര മുഖച്ഛായയും തകർക്കുന്നതോടൊപ്പം ഗതാഗത തടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
നഗരത്തിന്റെ സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.









0 comments