കനത്ത ചൂട്: കർശന നിബന്ധനകളുമായി ഗൾഫ് രാജ്യങ്ങൾ

HEAT WARNING
വെബ് ഡെസ്ക്

Published on Jun 04, 2025, 03:32 PM | 2 min read

അബുദാബി: ചൂട് കടുത്തതോടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉച്ചവിശ്രമചട്ടങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവുംകൂടിയ ചൂട് യുഎഇയിലാണ്. കഴിഞ്ഞമാസം 51.6 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു യുഎഇയിൽ രേഖപ്പെടുത്തിയത്. അതിരൂക്ഷ പൊടിക്കാറ്റാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന പുറംജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ഗൾഫ് രാജ്യങ്ങൾ ഉച്ചവിശ്രമനിയമം കർശനമായി നടപ്പാക്കുന്നത്. ജോലിക്കിടെ വിശ്രമം, മതിയായ തണൽ, പ്രാഥമിക ചികിത്സാസൗകര്യം, ആവശ്യത്തിന് കുടിവെള്ളം എന്നിവയെല്ലാം തൊഴിലുടമ നൽകിയിരിക്കണമെന്നതാണ് ഗൾഫ് രാജ്യങ്ങളിലെ നിബന്ധന.


നിയമലംഘനം നടത്തുന്ന കമ്പനികൾക്കെതിരേ കനത്തപിഴ ഉൾപ്പെടെ കടുത്തശിക്ഷാനടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നതിലൂടെ മരണം ഉൾപ്പെടെ സംഭവിക്കുമെന്നതിനാലാണ് ഓരോവർഷവും ഉച്ചവിശ്രമം നടപ്പാക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഈ മാസം 15 മുതൽ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലാകും. യുഎഇയിൽ സെപ്റ്റംബർ 15 വരെയാണ് ചട്ടം പ്രാബല്യത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണിവരെ പുറംതൊഴിലാളികൾക്ക് വിശ്രമം നൽകിയിരിക്കണം എന്നതാണ് നിയമം. വ്യവസ്ഥതെറ്റിക്കുന്ന കമ്പനികൾക്കെതിരേ ഓരോ തൊഴിലാളിയ്ക്കും 5000 ദിർഹം വരെയും ഒന്നിലേറെ പേരെങ്കിൽ അരലക്ഷം ദിർഹം വരെയും പിഴ ഈടാക്കും.


സൗദി അറേബ്യയിൽ ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് മൂന്ന് മണിവരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഒരു തൊഴിലാളിയ്ക്ക് 3000 റിയാൽ വീതമാണ് പിഴചുമത്തുക. നിയമലംഘനം തുടർന്നാൽ പിഴസംഖ്യ ഇരട്ടിയാക്കും. ബഹ്‌റൈനിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെയാണ് നിയമം നടപ്പാക്കുന്നത്. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 1000 ദിനാർ പിഴയും തടവുമാണ് ശിക്ഷ.

ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ഈ മാസം ഒന്ന് മുതൽ ഉച്ചവിശ്രമനിയമം പ്രാബല്യത്തിലായിട്ടുണ്ട്. ഖത്തറിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലാളികൾക്ക് വിശ്രമം ഏർപ്പെടുത്തിയിട്ടുണ്ട്. ചട്ടം സെപ്റ്റംബർ 15-ന് അവസാനിക്കും. മോട്ടോർ ബൈക്കുകളിൽ ഡെലിവറി നടത്തുന്ന തൊഴിലാളികൾക്കും ചട്ടം ബാധകമാണ്.


വ്യവസ്ഥ പ്രാബല്യത്തിൽ വന്നതോടെ തൊഴിലിടങ്ങളിൽ തൊഴിൽമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകളും നടക്കുന്നുണ്ട്. കൂടാതെ വേനൽക്കാല ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ ബോധവത്കരണങ്ങളും സജീവമാണ്. ഒമാനിൽ ഉച്ചയ്ക്ക് 12.30 മുതൽ മൂന്നരവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് ചട്ടം പ്രാബല്യത്തിലുള്ളത്. കുവൈത്തിൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മണിമുതൽ വൈകീട്ട് നാല് മണിവരെയാണ് വിലക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home