ദുബായ് പൊലീസിലെ ആദ്യ വനിതാ ബ്രിഗേഡിയറായി സമീറ അബ്ദുള്ള അൽ അലി

ദുബായ്: ദുബായ് പൊലീസിന്റെ 69 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബ്രിഗേഡിയർറായി സമീറ അബ്ദുല്ല അൽ അലി. 31 വർഷത്തെ മാതൃകാപരമായ സേവനത്തിലൂടെയാണ് ബ്രിഗേഡിയർറായി സ്ഥാനക്കയറ്റം ലഭിച്ചത്. സേനയിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റങ്ങളുടെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ്.
നിലവിൽ ദുബായ് പൊലീസിൽ ഇൻഷുറൻസ് വകുപ്പിന്റെ തലവനാണ് അൽ അലി. സംഘടനയുടെ ആസ്തികളെയും പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന ലോകോത്തര ഇൻഷുറൻസ് രീതികൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പുതിയ അവസരത്തിന് അൽ അലി നന്ദി രേഖപ്പെടുത്തി. ഈ സ്ഥാനക്കയറ്റം ദുബായ് പൊലീസിലെ ഓരോ സ്ത്രീക്കും അഭിമാനകരമാണ്. കൂടാതെ സ്ത്രീകൾക്ക് അവരുടെ രാജ്യത്തെ നയിക്കാനും സേവിക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിനുള്ള സംഘടനയുടെ സമർപ്പണത്തിന്റെ തെളിവാണ്- അൽ അലി കൂട്ടിച്ചേർത്തു.
1991 ൽ യുഎഇ സർവകലാശാലയിൽ നിന്ന് ഇൻഷുറൻസിൽ ബിരുദം നേടിയ ശേഷം 1994 ഒക്ടോബറിലാണ് അൽ അലി ദുബായ് പൊലീസിൽ ചേർന്നത്.









0 comments