ഹോങ്കോങ്ങിൽ അപകടത്തിൽപ്പെട്ട് കടലില്‍ മുങ്ങിയ ബോയിങ് 747 ചരക്ക് വിമാനം ഉയര്‍ത്തി

cargo freighter accident
വെബ് ഡെസ്ക്

Published on Oct 30, 2025, 01:00 PM | 1 min read

ദുബായ് : ഒക്ടോബർ 20നുണ്ടായ അപകടത്തെത്തുടർന്ന് സമുദ്രത്തിൽ ഭാഗികമായി മുങ്ങിയ എയർആക്ട് ബോയിങ് 747– 400 ചരക്ക് വിമാനം ഉയർത്തിയതായി അധികാരികൾ അറിയിച്ചു. എമിറേറ്റ്‌സ് സ്കൈ കാർഗോയ്ക്കായി വെറ്റ്– ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന വിമാനം പ്രാദേശിക സമയം പുലർച്ചെ 3.53ഓടെ ഹോങ്കോങ്ങ് ഇന്റർനാഷണൽ എയർപോർട്ടിലെ റൺവേ 07L-ൽ ഇറങ്ങുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇടത് വശത്തേക്ക് മറിഞ്ഞത്. വിമാനത്തിന്റെ ചിറക് എയർപോർട്ട് പട്രോൾ വാഹനത്തെ ഇടിച്ച് സമുദ്രത്തിലേക്ക് തള്ളി. അപകടത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു.


വിമാനത്തിന്റെ വാൽഭാഗവും ഫ്ലൈറ്റ് റെക്കോർഡറുകളും ഒക്ടോബർ 24നകം വീണ്ടെടുത്തു. പ്രധാന ഫ്യൂസലേജ് ഒക്ടോബർ 26ന് മറൈൻ സാൽവേജ് ബാർജ് ഉപയോഗിച്ച് ഉയർത്തി. 1993ൽ നിർമിച്ച 32 വർഷം പഴക്കമുള്ള വിമാനത്തെ 2011-ലാണ് ചരക്ക് വിമാനമായി മാറ്റിയത്. ഹോങ്കോങ്ങിൽ 1998-ന് ശേഷം ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണിത്. അപകടം നടന്നതിനുശേഷം പ്രധാന റൺവേ താൽക്കാലികമായി അടച്ചു.


ഹോങ്കോങ്ങ് സിവിൽ ഏവിയേഷൻ വകുപ്പ്, യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്, തുർക്കിയിലെ ട്രാൻസ്‌പോർട്ട് സേഫ്റ്റി ഇൻവെസ്റ്റിഗേഷൻ സെന്റർ, ബോയിങ് എന്നിവയുടെ നേതൃത്വത്തിൽ ഫ്ലൈറ്റ് റെക്കോർഡറുകളിൽ നിന്നുള്ള വിവരങ്ങളും പൈലറ്റിന്റെ പ്രവർത്തനങ്ങളും മെക്കാനിക്കൽ ഘടകങ്ങളും ഉൾപ്പെടെ വിശദമായ അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home