റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ: ആർടിഎയും ദുബായ് പൊലീസും വിജയികളെ ആദരിച്ചു

ദുബായ് : ദുബായിലെ ഗതാഗത അപകടങ്ങളുടെ കാരണങ്ങളും അപകടസാധ്യതകളും പ്രമേയമാക്കിയ റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ മത്സരത്തിലെ വിജയികളെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ദുബായ് പൊലീസും ആദരിച്ചു. യൂണിവേഴ്സിറ്റി – പിജി വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഗതാഗത അപകടങ്ങളുടെ പ്രധാന കാരണങ്ങളെയും അവയുടെ ഭീഷണികളെയും പ്രാമുഖ്യത്തിലേക്ക് കൊണ്ടുവരാനായിരുന്നു മത്സരം. ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹുസൈൻ അൽ ബന്ന, മത്സരത്തിൽ സമർപ്പിച്ച ചിത്രങ്ങളിലെ പ്രൊഫഷണലിസവും കൃത്യതയും പ്രശംസിച്ചു. ആർടിഎ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ചിത്രങ്ങൾ യുവാക്കൾക്കും സർവകലാശാല വിദ്യാർത്ഥികൾക്കുമായുള്ള ആർടിഎയുടെ ട്രാഫിക് അവബോധ പരിപാടികളിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സമീപകാലത്തെ ട്രാഫിക് കണക്ക് പരിശോധിച്ചാണ് വിഷയങ്ങൾ ആർടിഎ നിശ്ചയിച്ചത്. പെട്ടെന്ന് പാതമാറ്റൽ (സഡൻ സ്വർവിംഗ്), സുരക്ഷിത ദൂരം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് ഗുരുതര അപകടങ്ങളുടെ മുഖ്യകാരണങ്ങളായി കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, സൈക്കിൾ–ഇ-സ്കൂട്ടർ ഉപയോക്താക്കളുടെ വർധനയെ തുടർന്ന് അവരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗവും മത്സരത്തിൽ ഉൾപ്പെടുത്തി.







0 comments