എഐ അത്ഭുത പ്രതിഭ റൗൾ ജോൺ അജു കേരള സോഷ്യൽ സെന്റർ വേനൽതുമ്പിയിൽ

അബുദാബി : സ്വന്തമായി നിർമിച്ച റോബോട്ട് വെച്ച് അമേരിക്കൻ, കാനഡ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഓൺലൈനായി എഐ ക്ലാസ് എടുത്ത് ശ്രദ്ധേയനായ അത്ഭുത പ്രതിഭയായ പതിനഞ്ചുകാരൻ റൗൾ ജോൺ അജു അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന വേനൽ തുമ്പികളിൽ എത്തുന്നു.
മൂന്നു തവണ റ്റെഡ് എക്‌സ് സ്പീക്കർ എന്ന നിലയിലും, ഏറെ മൂല്യമുള്ള ഒരു അധ്യാപകൻ എന്ന നിലയിൽ റൗൾ കേരളത്തിലെ മുൻനിര കോളേജുകളിൽ വർക്ക്‌ഷോപ്പുകൾ നടത്തുകയും അന്താരാഷ്ട്ര തലത്തിൽ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഹഡിൽ ഗ്ലോബൽ, ഗൂഗിൾ ഫോറംസ്, നാസ്കോം തുടങ്ങിയ പ്രമുഖ പരിപാടികളിൽ എഐയെക്കുറിച്ച് ശ്രദ്ധേയമായ സെഷനുകൾ അവതരിപ്പിച്ച റൗൾ എഐക്ക് എങ്ങനെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും കഴിയുമെന്ന് അന്താരാഷ്ട്ര ബിസിനസ്സ് ക്ലയിന്റുകളുമായി സഹകരിച്ച് പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അത്യാധുനിക എഐ ടൂളുകൾ വികസിപ്പിച്ചെടുത്ത റൗൾ, തന്റെ വൈദഗ്ധ്യവും കാഴ്ചപ്പാടും കൊണ്ട് ലോകമെമ്പാടുമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രചോദനമാണ്. നോർത്ത് ഇടപ്പള്ളി ഗവൺമെന്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ റൗൾ സ്വന്തമായി ഒരു ടെക് കമ്പനി തുടങ്ങി. ആഗസ്ത് 10, ഞായറാഴ്ച എഐ റോബോട്ടിക് സംവിധാനത്തെ കുറിച്ച് റൗൾ മുതിർന്നവർക്കായി ക്ലാസ് എടുക്കുന്നുണ്ട്.









0 comments