റംസാൻ: ഒമാനിൽ ഈന്തപ്പഴ വിപണി സജീവം

മസ്‌കത്ത്: റംസാൻ മാസം തുടങ്ങിയതോടെ ഒമാനിൽ ഈന്തപ്പഴ വിപണി സജീവം. വിവിധ തരം ഈന്തപ്പഴങ്ങളാണ് ഈ കാലയളവിൽ വിറ്റുപോകുന്നത്. വ്രതം അവസാനിപ്പിക്കുമ്പോൾ വെള്ളവും ഈന്തപ്പഴവുമാണ് ആദ്യം കഴിക്കുകയെന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. ഖലാസ്, സുക്കരി, ഖദൂരി, ബർഹി, സഫാവി, അജ്‌വ, മജ്ധൂൽ എന്നിങ്ങനെ നിരവധി പേരുകളിലും നിറത്തിലും വലുപ്പത്തിലും രുചിയിലും വ്യത്യസ്‌ത ഇനങ്ങളുണ്ട്.
പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്നതു കൂടാതെ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, തുണീഷ്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ വിവിധ രാജ്യത്തെ ഈന്തപ്പഴങ്ങൾ വിപണിയിലുണ്ട്. രാജ്യത്ത് വിളവെടുക്കുന്ന ഈന്തപ്പഴത്തിന് ആവശ്യക്കാർ ഏറെയാണ്. മഞ്ഞ നിറത്തിൽ അടിഭാഗം മാത്രം പഴുത്ത നല്ല മധുരവും രുചിയുമുള്ള ‘റത്തബ്' ഇനമാണ് ഒമാനികൾക്ക് കൂടുതൽ പ്രിയങ്കരം. എന്നാൽ, റത്തബിന്റെ സീസൺ നിലവിൽ തുടങ്ങിയിട്ടില്ല.
ഈന്തപ്പഴ നീര്, ഈന്തപ്പഴ ഹൽവ, ബിസ്‌കറ്റുകൾ, മറ്റു ഉൽപ്പന്നങ്ങൾ എന്നിവയും ആവശ്യക്കാരുണ്ട്. റംസാൻ മാസത്തിൽ കൂട്ടുകാർക്കും ബന്ധുക്കൾക്കും ഈന്തപ്പഴങ്ങൾ സമ്മാനിക്കുന്ന പതിവു കൂടി ഉള്ളതിനാലാണ് ആളുകളുടെ വലിയ തിരക്കെന്ന് സൊഹാർ പഴം, പച്ചക്കറി മാർക്കറ്റിലെ സുഹുൽ അൽ ഫയ്‌ഹ ഈന്തപ്പഴ മാർക്കറ്റിലെ വ്യാപാരി റഈസ് പറഞ്ഞു. ഈന്തപ്പഴത്തിനും തണ്ണിമത്തൻ, നാരങ്ങ, മാമ്പഴം, ആപ്പിൾ, പൈനാപ്പിൾ, മുന്തിരി തുടങ്ങിയ പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന ഈന്തപ്പഴങ്ങൾ ഉൾപ്പെടെ കരുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.








0 comments