മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒമാന് മുന്നേറ്റം

Image: Gemini AI

സ്വന്തം ലേഖകൻ
Published on Aug 14, 2025, 03:23 PM | 1 min read
മസ്‌കത്ത്: മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഒമാൻ കഴിഞ്ഞ വർഷത്തേക്കാൾ 18 സ്ഥാനം മുന്നേറിയതായി മനുഷ്യാവകാശ കമീഷൻ ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തിറക്കിയ 2024ലെ റിപ്പോർട്ടിലാണ് രാജ്യത്തിന്റെ നേട്ടം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന സ്‌തംഭങ്ങളിലൊന്നാണ് മാധ്യമ സ്വാതന്ത്ര്യം. വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച് 180 രാജ്യങ്ങളെ വിലയിരുത്തി നിർണയിച്ച സൂചികയിൽ സുപ്രധാന നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമീഷൻ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പ്രശ്നങ്ങൾ 2024ൽ കമീഷന്റെ പരിഗണനയ്‌ക്ക് വന്നു. ദുർബല വിഭാഗങ്ങളുടെ അവകാശവിഷയങ്ങൾ, പൗരാവകാശങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, -സാമൂഹിക, -സാംസ്‌കാരിക, -പരിസ്ഥിതി-, വികസന വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ഈ വർഷം ഇതുവരെ ലഭിച്ച പരാതികളിൽ നിയമപരമായ പിന്തുണ നൽകാനും നിയമ ചട്ടക്കൂടുകൾക്കനുസൃതമായി അവ പരിഹരിക്കാനും കമീഷൻ സമയബന്ധിതമായി ഇടപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കമീഷൻ പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രത്തിന്റെ ആധാരശിലകളായ അടിസ്ഥാന തത്വങ്ങളും രാഷ്‌ട്രം അംഗീകരിച്ച അന്താരാഷ്ട്ര തലത്തിലെ വ്യവസ്ഥാപിത മൂല്യങ്ങളും അടിസ്ഥാനമാക്കിയാണ് കമീഷൻ പ്രവർത്തിക്കുന്നതെന്നും ബലൂഷി പറഞ്ഞു. സ്വതന്ത്ര ദേശീയ സ്ഥാപനമെന്ന നിലയിൽ മനുഷ്യാവകാശ സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമായി വളർത്താനും പ്രചരിപ്പിക്കാനും പൗരത്വം, സാമൂഹികനീതി, മാനുഷികാന്തസ്സ് തുടങ്ങിയ മൂല്യങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തനം ഏകോപിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് കമീഷൻ ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യാവകാശ നയങ്ങളിലൂന്നിയുള്ള നിയമപാലനത്തിൽ ഒമാൻ പൊലീസ് കൈവരിച്ച മുന്നേറ്റം അൽ ബലൂഷി എടുത്തുപറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, നിയമം, കായികം, വിനോദം തുടങ്ങിയ സേവനങ്ങൾ തടവുകാർക്ക് ഉറപ്പാക്കുന്നതിൽ പൊലീസ് സംവിധാനം ശ്രദ്ധ പുലർത്തി. സെൻട്രൽ ജയിലിലെ സന്ദർശനങ്ങളിൽ ഇക്കാര്യം ബോധ്യപ്പെട്ടു. ദേശീയ മനുഷ്യാവകാശ പദ്ധതി ഈ വർഷം ഡിസംബർ 10ന് ആരംഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.









0 comments