ആഘോഷമായി പ്രതിഭ 'ഉത്സവ് 2025' ഗ്രാൻഡ് ഫിനാലെ

മനാമ: ആട്ടവും പാട്ടുമായി ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ കാണികൾക്ക് ആഘോഷമായി. ഉത്സവ് 2025 ഓവറോൾ ചാമ്പ്യൻ ട്രോഫിയും അൽ ഹസം യൂണിറ്റും റണ്ണർ അപ്പ് ട്രോഫി ഹിദ്ദ് യൂണിറ്റും കരസ്ഥമാക്കി. ഉത്സവ് 2025ലെ വിജയികൾക്കുള്ള ട്രോഫിയും വിധികർത്താക്കൾക്കുള്ള മെമോന്റോയും ചടങ്ങിൽ വിതരണം ചെയ്തു. പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാംഗവുമായ സി വി നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി അധ്യക്ഷനായി.
മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ പി ശ്രീജിത്ത്, ഉത്സവ് 2025 ചെയർ പേഴ്‌സൺ എവി അശോകൻ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, വനിതാ വേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സന്തു പടന്നപ്പുറം നന്ദിയും പറഞ്ഞു.
അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരമുള്ള ബഹ്‌റൈനിലെ നാടൻപാട്ട് കൂട്ടമായ സഹൃദയ നാടൻപാട്ട് സംഘത്തോടൊപ്പം അരങ്ങേറി. സ്വരലയുടെ സ്വാഗത ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ബഹ്‌റിനിലെ കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ ഒപ്പന, സിനിമാറ്റിക് ഡാൻസ്, കുച്ചിപ്പുടി, ഡാൻസ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി തീരുമാനപ്രകാരം പ്രതിഭയുടെ നാല് മേഖലകളിലായി നടത്തിയ കലാ കായികോത്സവത്തിന്റെ ഭാഗമായാണ് ഉത്സവ് 2025 സംഘടിപ്പിച്ചത്.









0 comments