പിപിഎഫ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രൊഫഷണല്‍ മീറ്റ് മെയ് 2ന്; ജോണ്‍ ബ്രിട്ടാസ് മുഖ്യാഥിതി

മനാമ: കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിദേശ മലയാളികളുടെ കഴിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സീവ് പ്രഫഷണല്‍ ഫോറം (പിപിഎഫ്) ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രൊഫഷണല്‍ മീറ്റ് മെയ് രണ്ടിന് നടക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് ടൂബ്ലി മെര്‍മറീസ് ഹാളില്‍ നടക്കുന്ന മീറ്റില്‍ പ്രമുഖ പാര്‍ലമെന്റേറിയന്‍ ജോണ്‍ ബ്രിട്ടാസ് എംപി മുഖയാഥിതിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ഷണിയ്ക്കപ്പെട്ടവര്‍ക്കാണ് പ്രവേശനം.
2018 ലെ മാഹാപ്രളയത്തെ തുടര്‍ന്ന് കേരള സര്‍ക്കാര്‍ ആരംഭിച്ച റീബില്‍ഡ് കേരള ഇനീഷ്യയേറ്റീവ് പദ്ധതിയില്‍ പങ്കാളികളാകാനായി വിദേശ മലയാളി പ്രൊഫഷണുകള്‍ ആര്‍കിടെക്ട് പത്മശ്രീ ശങ്കറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള പ്രൊഫെഷണല്‍സ് നെറ്റ് വര്‍ക്ക് (കെപിഎന്‍) കീഴില്‍ വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രോഗ്രസ്സീവ് പ്രഫഷണല്‍ ഫോറം ചാപ്റ്ററുകള്‍. മുന്‍ ധന മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. ടിഎം തോമസ് ഐസക്ക് 2022 ജൂലൈ ഒന്നിനാണ് പിപിഎ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉല്‍ഘാടനം ചെയ്തത്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ വൈവിധ്യമായ തൊഴിലുകളില്‍ അവര്‍ ആര്‍ജ്ജിച്ച വൈദഗ്ധ്യവും അറിവും കേരളം ആവശ്യമുള്ളപ്പോഴൊക്കെ ലഭ്യമാക്കാന്‍ സന്നദ്ധരായ പുരോഗമന മനസുകളെ ചേര്‍ത്തെടുക്കുകയാണ് പിപിഎഫ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സെമിനാര്‍, വര്‍ക്ക് ഷോപ്പുകള്‍, യൂ ട്യൂബ് വീഡിയോകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ അനുയോജ്യമായ അവസരങ്ങളില്‍ കെപിഎന്‍ നെറ്റ് വര്‍ക്കിനോട് ചേര്‍ന്ന് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ആരോഗ്യം, ഭവന നിര്‍മ്മാണം, പരിസര ശുചിത്വം, പഠന കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്, നിയമ പ്രശ്‌നങ്ങളെ നേരിടേണ്ടുന്ന രീതി തുടങ്ങിയ മേഖലകളില്‍ മലയാളികള്‍ക്ക് ഉപകാര പ്രദമായ വിവരങ്ങള്‍ നല്‍കുന്നതിനെകുറിച്ച് ആലോചിക്കുന്നുണ്ട്.
സാങ്കേതിക കാര്യങ്ങളില്‍ ബോധവത്കരണവും പ്രായോഗിക നിര്‍ദ്ദേശങ്ങളുംനല്‍കുന്ന നിരവധി പരിപാടികള്‍ പിപിഎഫ് ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്നതായും ജനറല്‍ കണ്‍വീനര്‍ പികെ ഷാനവാസ്, പ്രസിഡന്റ് ഇഎ സലിം, ജനറല്‍ സെക്രട്ടറി ഹരിപ്രകാശ്, ട്രഷറര്‍ റഫീക്ക് അബ്ദുള്ള, ഭാരവാഹികളായ ഷീല മുഹമ്മദ്, എംകെ ശശി, സുഭാഷ് എന്നിവര്‍ അറിയിച്ചു.









0 comments