ട്രംപിനെതിരെ അറബ് രാജ്യങ്ങള്‍

donald trump
avatar
അനസ് യാസിന്‍

Published on Feb 07, 2025, 03:06 PM | 2 min read

മനാമ: ഗാസ മുനമ്പ്‌ ഏറ്റെടുത്ത് കടലോര വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. പലസ്‌തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയിറക്കാനുള്ള ഏതൊരു നീക്കത്തെയും നിരസിക്കുന്നതായും അറബ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. പ്രസ്‌താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അസ്ഥിരതക്ക് കാരണമാകുമെന്നും അറബ് ലീഗും ഒഐസിയും പ്രതികരിച്ചു.


ട്രംപിന്റെ പരാമർശത്തെ അപലപിച്ച അറബ് പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് അൽ യമാഹി, പലസ്‌തീൻ അവകാശങ്ങളെ ഇല്ലാതാക്കുന്ന ഏതൊരു ശ്രമത്തെയും തള്ളുന്നതായും വ്യക്തമാക്കി. പലസ്‌തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഏതൊരു ശ്രമവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അറബ് പാർലമെന്റ് അറിയിച്ചു. അധിനിവേശം, കൊളോണിയൽ കുടിയേറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ്‌ ട്രംപിന്റെ നിർദേശമെന്ന്‌ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) വ്യക്തമാക്കി.


ഗാസയിലെയും അധിനിവേശ പലസ്‌തീൻ പ്രദേശങ്ങളിലെയും നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ഉറച്ച നിലപാടോടെ എതിർക്കുന്നതായി ഒമാൻ ആവർത്തിച്ചു. പലസ്‌തീൻ ജനതയ്ക്ക് അവരുടെ ഭൂമിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ന്യായമായ അവകാശങ്ങൾക്കും രാജ്യം പിന്തുണ ആവർത്തിച്ചു. പലസ്‌തീൻകാരെ മാതൃരാജ്യത്തുനിന്ന് മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിടുന്ന ഏതൊരു പദ്ധതിയും അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ പ്രമേയങ്ങളുടെയും ലംഘനമാണെന്നും ഒമാൻ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. പലസ്‌തീൻകാരുടെ അവകാശങ്ങൾക്കെതിരായ ഏതൊരു ലംഘനത്തെയും കുടിയിറക്കൽ ശ്രമങ്ങളെയും നിരസിക്കുന്നതായി യുഎഇ വിദേശമന്ത്രാലയം വ്യക്തമാക്കി.


കുടിയിറക്കൽ അന്താരാഷ്ട്ര നിയമങ്ങളുടെയും രക്ഷാസമിതി പ്രമേയങ്ങളുടെയും ലംഘനമാണെന്ന്‌ കുവൈത്ത് വ്യക്തമാക്കി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇത്‌ ഭീഷണിയാകും. അധിനിവേശ പലസ്‌തീൻ, അറബ് പ്രദേശങ്ങളിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. പലസ്‌തീൻ ജനതയെ കുടിയൊഴിപ്പിക്കാതെ ഗാസയിൽ ദ്രുതഗതിയിലുള്ള പുനർനിർമാണത്തിനും സഹായ വിതരണത്തിനും ഈജിപ്ത് ആഹ്വാനം ചെയ്‌തു. പലസ്‌തീൻകാർക്ക് അവരുടെ വീടുകളിൽ താമസിച്ച് ജീവിതം പുനർനിർമിക്കാൻ അനുവദിക്കും വിധം പ്രവർത്തനം നടത്തണമെന്നും വിദേശമന്ത്രി ബദർ അബ്‌ദുലാത്തി പറഞ്ഞു.


പലസ്‌തീൻകാരെ കുടിയിറക്കാനുള്ള അപകടകരമായ ശ്രമങ്ങൾക്കെതിരെ ജോർദാൻ ഭരണാധികാരി അബ്‌ദുള്ള രാജാവും മുന്നറിയിപ്പ് നൽകി. ഗാസയിലെ പലസ്‌തീൻകാരെ പിന്തുണക്കാനും മാനുഷിക പ്രതിസന്ധി മെച്ചപ്പെടുത്താനുമുള്ള അറബ് രാജ്യങ്ങളുടെ നടപടികൾ ശക്തിപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home