Deshabhimani

ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഓസ്‌കാര്‍ പിയാസ്ട്രിക്ക് തകര്‍പ്പന്‍ ജയം

oscar
വെബ് ഡെസ്ക്

Published on Apr 15, 2025, 02:48 PM | 1 min read

മനാമ: ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മക്ലാരന്‍ ഡ്രൈവര്‍ ഓസ്‌കാര്‍ പിയാസ്ട്രിക്ക് തകര്‍പ്പന്‍ ജയം. സഖൈറിലെ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 1:35:39.435 സമയത്തിലാണ് പിയാസ്ട്രി ചാമ്പ്യന്‍നായത്. പിയാസ്ട്രിക്ക് 25 പോയിന്റുണ്ട്. മെര്‍സിഡൈസിന്റെ ജോര്‍ജ്ജ് റസ്സല്‍ രണ്ടാം സ്ഥാനത്തും (18 പോയിന്റ്) മക്ലാരന്റെ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനത്തും (15 പോയിന്റ്) ഫിനിഷ് ചെയ്തു.


സഖൈര്‍ അന്താരാഷ്ട്ര സര്‍ക്യൂട്ടില്‍ മക്ലാരന്‍ ടീമിന്റെ ആദ്യ ജയം കൂടിയാണിത്. പോള്‍ പൊസിഷനില്‍ നിന്ന് മികച്ച തുടക്കം കുറിച്ച ഓസ്‌ട്രേലിയന്‍ ഡൈവറായ പിയാസ്ട്രിക്ക് ആദ്യ വളവില്‍ മെഴ്‌സിഡസ് താരം ജോര്‍ജ്ജ് റസ്സലിന്റെ ഭാഗത്ത് നിന്ന് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും പിയാസ്ട്രി ലീഡ് നിലനിര്‍ത്തി മുന്നോട്ട് പോയി.


ഫിനിഷിംഗ് ലൈനില്‍ എത്തുമ്പോള്‍ 15 സെക്കന്‍ഡിലധികം ലീഡ് പിയാസ്ട്രിക്കുണ്ടായിരുന്നു. പിയാസ്ട്രിയുടെ ടീം അംഗമായ ലാന്‍ഡോ നോറിസിന് ഗ്രിഡ് ബോക്‌സിലെ സ്ഥാനചലനം മൂലം അഞ്ച് സെക്കന്‍ഡ് പിഴ ലഭിച്ചത് തിരിച്ചടിയായി. എങ്കിലും, പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച നോറിസ് ശക്തമായി തിരിച്ചുവന്നു. അവസാന ലാപ്പുകളില്‍ റസ്സലിനെ മറികടക്കാന്‍ നോറിസ് തീവ്രമായി ശ്രമിച്ചെങ്കിലും 0.774 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു.


ഫെരാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് നാലാം സ്ഥാനത്തും ടീം മേറ്റായ ലൂയിസ് ഹാമില്‍ട്ടണ്‍ അഞ്ചാം സ്ഥാനത്തും എത്തി. റെഡ് ബുള്‍ താരം മാക്‌സ് വെര്‍സ്റ്റാപ്പന് റേസ് ദുഷ്‌കരമായി. പിറ്റ് സ്‌റ്റോപ്പുകളില്‍ നേരിട്ട പ്രശ്‌നങ്ങളെ മറികടന്ന് അദ്ദേഹം ആറാം സ്ഥാനത്തായി.

ഞായറാഴ്ചത്തെ വിജയം ഓസ്‌കാര്‍ പിയാസ്ട്രിയുടെ കരിയറിലെ ഒരു സുപ്രധാന നേട്ടമാണ്, ഒപ്പം മക്ലാരന്‍ ടീമിന്റെ പോരാട്ടവീര്യത്തിന് ഉത്തേജനം നല്‍കുന്നതും. 2025 സീസണില്‍ ഒന്നിലധികം റേസ് വിജയിക്കുന്ന ആദ്യ ഡ്രൈവര്‍ എന്ന റെക്കോര്‍ഡും ഇതോടെ പിയാസ്ട്രി സ്വന്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Home