ഈദ് ആഘോഷത്തിൽ ഒമാനി തനത് കലാരൂപങ്ങൾ ശ്രദ്ധേയമായി

ഫോട്ടോ: വി കെ ഷഫീർ
മസ്‌കത്ത്: രാജ്യം ഈദുൽ ഫിത്തർ കൊണ്ടാടുമ്പോൾ നാടെങ്ങും ഉത്സവ പ്രതീതിയിൽ. സ്വദേശികളും വിദേശികളും ഈദ് ആഘോഷത്തിൽ പങ്കുകൊണ്ടു. പെരുന്നാൾ ദിവസം കഴിഞ്ഞd ഒമാനിലെ മുതിർന്നവരും കുട്ടികളും തങ്ങളുടെ തനത് ഈദ് ആഘോഷം കൊണ്ട് കാണികളിൽ വിസ്മയം തീർത്തു. ഓരോ വിലയാത്തുകളിലും വ്യത്യസ്ഥത നിറഞ്ഞ ഒമാനി കലാ രൂപങ്ങൾ അരങ്ങേറിയത് കാണികളിൽ ഏറെ കൗതുകമുണ്ടാക്കി. ആളുകൾ ഒത്തു ചേരുന്ന മിക്ക ഇടങ്ങളിലും സ്വദേശികളുടെ മികച്ച പ്രകടനങ്ങൾ ഉണ്ടായി. ആഘോഷങ്ങൾ പെരുന്നാൾ ദിനം മുതൽ അവധി കഴിയുന്ന ശനിയാഴ്ച രാത്രി വരെ നീളും.
ഈദ് ദിനത്തിൽ ഗ്രാമങ്ങളിൽ നിന്ന് സ്വദേശികളും അവരുടെ കുട്ടികളും പുതു വസ്ത്രങ്ങൾ അണിഞ്ഞു വാദ്യം മുഴക്കികൊണ്ട് ഈദ് പാട്ടുപാടി
പെരുന്നാൾ നമസ്കരിക്കാൻ പള്ളികളിലേക്ക് എത്തും. പ്രാർത്ഥനക്കു ശേഷം പരസ്പരം ആശ്ലെഷിച്ചു ഈദ് ആശംസ കൈമാറും. ശേഷം എല്ലാവരും ഒത്തുകൂടി പള്ളിയുടെ മുറ്റത്ത് സ്ഥാപിച്ച പീരങ്കിയിൽ വെടിമരുന്ന് നിറച്ചു പൊട്ടിക്കും. വെടി ശബ്ദം കേൾക്കുന്നതോടെ പെരുന്നാൾ ആഘോഷത്തിന് തുടക്കമാകും. പിന്നീട് മത്സര പരിപാടികൾ അരങ്ങേറും വാശിയും ആവേശവും തീർക്കുന്ന മത്സരങ്ങൾ ഉച്ചവരെ നീളും.
ചില പള്ളികളിൽ മാത്രമാണ് പാരമ്പര്യ രീതികൾ ഇപ്പോഴും പിന്തുടരുന്നുള്ളൂ. പെരുന്നാൾ ഭക്ഷണത്തിനു ശേഷം മറ്റു ആഘോഷങ്ങൾ നടക്കും നാടോടി കലകളും പൈതൃക പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമാകുന്ന പരിപാടികളിൽ റാഷ, അൽ അസി, അൽ അയല തുടങ്ങിയ പരമ്പരാഗത കലകളും ഈദ് ദിനത്തിൽ അരങ്ങേറും. യുവാക്കൾ വാഹനം കൊണ്ടുള്ള അഭ്യാസങ്ങളും ഫുട്ബോൾ, വോളിബോൾ എന്നിങ്ങനെയുള്ള കായിക മത്സരങ്ങളിലും ഏർപ്പെടും. ഇതിൽ വാഹനം കൊണ്ടുള്ള അഭ്യാസങ്ങൾക്ക് കർശനമായ വിലക്ക് ഉള്ളതിനാൽ ഒഴിഞ്ഞ പ്രദേശങ്ങളിൽ മാത്രമാണ് യുവാക്കളുടെ സാഹസിക പ്രകടനങ്ങളുണ്ടാകുക.
ഒമാനി പരമ്പരാഗത കലാരൂപങ്ങളുടെ പ്രകടനങ്ങളായ ഒട്ടകയോട്ട മത്സരം, കുതിരയോട്ടം, കളപ്പോര്, നാടൻ പാട്ട്, തനത് കലാ രൂപങ്ങൾ, എന്നിവയാണ് കൂടുതലും അരങ്ങേറുന്നത്. ഒമാന്റെ തനത് കലാരൂപങ്ങളും പാരമ്പര്യ സംസ്കാരവും വിദേശികൾക്ക് പരിചയപ്പെടുത്താനും തനത് കലാരൂപങ്ങൾ നിലനിർത്താനും നിരവധി അവസരങ്ങൾ ടൂറിസം മന്ത്രാലയം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുപോലുള്ള സ്വദേശി കലാ രൂപങ്ങൾ അവതരിപ്പിക്കാൻ കൂട്ടായ്മകൾക്കും യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും അധികൃതരുടെ ഭാഗത്ത് നിന്ന് നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ട്.
സ്വദേശികൾ പലരും ഒമാന്റെ സാംസ്‌കാരിക പൈതൃകം ഉൾക്കൊണ്ടു കൊണ്ടുള്ള പരിപാടികൾ അവതരിപ്പിക്കാനും ആസ്വദിക്കാനും ആണ് ഈ പെരുന്നാൾ അവധി ഉപയോഗിച്ചത്. വലിയ കൂടാരം കെട്ടിയും, ടെന്റ് അടിച്ചും, ഓഡിറ്റോറിയങ്ങളിലും, പാർക്കുകളിലും, ബീച്ചുകളിലും ഫാം ഹൗസുകളിലും ആണ് സ്വദേശികളുടെ പ്രകടനങ്ങൾ അരങ്ങേറുക. തൊട്ടടുത്ത യുഎഇ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഒമാനിൽ ഈദ് ആഘോഷിക്കാൻ എത്തിയിട്ടുണ്ട്. ഒമാന്റെ സൗന്ദര്യം ആസ്വദിക്കുകയും ഒമാന്റെ സാംസ്‌കാരിക കാലാരൂപങ്ങൾ
കണ്ടറിഞ്ഞും അനുകൂല കലാവസ്ഥയിൽ പെരുന്നാൾ ആഘോഷിച്ചു കൊണ്ട് മടങ്ങാനുള്ള ഒരുക്കത്തിലാണ് രാജ്യത്ത് എത്തിയവർ.









0 comments