റബാത്ത് ഫിലിം ഫെസ്റ്റിവലിൽ ഒമാന് അവാർഡ് നേട്ടം

മസ്‌കത്ത് : മൊറോക്കോയിൽ നടന്ന റബാത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച അന്താരാഷ്ട്ര ഷോർട് ഫിലിമിനുള്ള അവാർഡ് നേടി ഒമാനി ഹസ്വ ചിത്രം 'ദി അൺനോൺ'. മുഹമ്മദ് ബിൻ സുലൈമാൻ അൽ-കിന്തിയാണ് ചിത്രത്തിന്റെ സംവിധായകൻ. ശക്തമായ ആഖ്യാനം, മികച്ച സംവിധാനം, ഉയർന്ന നിലവാരമുള്ള ദൃശ്യാവിഷ്ക്കാരം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് 'ദി അൺനോൺ' പുരസ്‌ക്കാരത്തിനർഹമായതെന്ന് ജൂറി അറിയിച്ചു. 30-ാമത് റബാത്ത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ഫെസ്റ്റിവലിന്റെ 30-ാമത് പതിപ്പിൽ വിശിഷ്ടാതിഥിയായി ഒമാൻ ഫിലിം സൊസൈറ്റി പങ്കെടുത്തിരുന്നു. ഒമാനി സിനിമാ അനുഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ ചലച്ചിത്രമേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരമായിരുന്നു ഇതെന്ന് ഫിലിം സൊസൈറ്റി അധികൃതർ പറഞ്ഞു. ഈ വിജയം ഒമാനി സിനിമ കൈവരിച്ച പുരോഗതിയെയും അന്താരാഷ്ട്ര മേളകളിൽ പങ്കെടുക്കാനും മത്സരിക്കാനുമുള്ള കഴിവിനെയും പ്രതിഫലിപ്പിക്കുന്നതായും അവർ പറഞ്ഞു.
സമാപന ചടങ്ങിൽ മൊറോക്കോയിലെ ഒമാൻ അംബാസഡർ ഖാലിദ് ബംഖലീഫ് പങ്കെടുത്തു. ഒമാനി ചലച്ചിത്ര മേഖലയെ പിന്തുണയ്ക്കുന്നതിലും വികസിപ്പിക്കുന്നതിലും വഹിച്ച പങ്കിനെയും ചലച്ചിത്ര നിർമ്മാണത്തിന് നൽകിയ തുടർച്ചയായ സംഭാവനകളെയും മാനിച്ച്, പ്രൊഡക്ഷൻ മാനേജർ ഖാസിം ബിൻ മുഹമ്മദ് അൽ-സുലൈമിയെ ചടങ്ങിൽ ആദരിച്ചു.









0 comments