ഒമാനും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 40 വർഷങ്ങൾ ആഘോഷിക്കുന്നു

മസ്‌കത്ത്: ഒമാൻ സുൽത്താനേറ്റും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച്, ഒമാനിലെ റഷ്യൻ എംബസിയുമായി സഹകരിച്ച് നാഷണൽ മ്യൂസിയം ഔദ്യോഗിക സ്വീകരണവും ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. റോസ്‌കൺസേർട്ട് ഫൗണ്ടേഷന്റെ സംഗീത സീസണുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ആഘോഷം. വിദേശകാര്യ മന്ത്രാലയത്തിന്റെ രാഷ്ട്രീയ കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒമാനിലെ റഷ്യൻ സ്ഥാനപതി ഒലെഗ് വ്‌ളാഡിമിറോവിച്ച് ലെവിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ റഷ്യൻ സന്ദർശനത്തോടെ ഒമാൻ -റഷ്യ ബന്ധങ്ങൾ സമീപകാലത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി രാഷ്ട്രീയ കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇത് ഗണ്യമായ വ്യാപാര, നിക്ഷേപ വിനിമയങ്ങൾക്ക് വഴിതുറന്നിട്ടുണ്ടെന്നും നിരവധി കരാറുകളും സഹകരണ ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ഒമാൻ സുൽത്താനേറ്റിലെ റഷ്യൻ സ്ഥാനപതി ഒലെഗ് വ്‌ളാഡിമിറോവിച്ച് ലെവിൻ പറഞ്ഞു. ഒമാൻ സുൽത്താനേറ്റും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ ചടങ്ങിനൊപ്പം നടക്കുന്ന പ്രദർശനം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാൻ -റഷ്യൻ ബന്ധത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള വികസനം രേഖപ്പെടുത്തുന്ന റഷ്യൻ വിദേശകാര്യ ആർക്കൈവിൽ നിന്നുള്ള ചരിത്ര ഫോട്ടോഗ്രാഫുകളുടെയും അപൂർവ രേഖകളുടെയും അതുല്യ ശേഖരം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിനാര അലിയേവ, ഇഗോർ മൊറോസോവ്, ല്യൂബോവ് വിങ്കിക് തുടങ്ങിയ റഷ്യൻ കലാകാരന്മാരുടേതുൾപ്പടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള കലാ-സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വർഷാവസാനം വരെ നാഷണൽ മ്യൂസിയത്തിൽ കലാസാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറുമെന്നും മ്യൂസിയം അധികൃതർ അറിയിച്ചു.









0 comments