‘നോർക്ക കെയർ’ പ്രീലോഞ്ചിങ്ങും ലോഗോ പ്രകാശനവും

നോർക്ക കെയർ’ പ്രീലോഞ്ചിങ്ങും ലോഗോ പ്രകാശനവും നിർവഹിച്ച് പി ശ്രീരാമകൃഷ്ണൻ സംസാരിക്കുന്നു
അബുദാബി: നോർക്ക റൂട്ട്‌സ് മുഖേന കേരള സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി "നോർക്ക കെയർ’ പ്രീലോഞ്ചിങ്ങും ലോഗോ പ്രകാശനവും അബുദാബിയിൽ നടന്ന ചടങ്ങിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായാണ് പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുഴുവൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കുമെന്നും യുഎഇയിൽനിന്ന് രണ്ടുലക്ഷം പേരെയാണ് ആദ്യപടിയെന്നോണം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നോർക്ക അംഗത്വമുള്ളവർക്ക് സെപ്തംബർ 22 മുതൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഒക്‌ടോബർ 21 വരെയാണ് എൻറോൾമെന്റ് സമയം. നവംബർ ഒന്നുമുതലാണ് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങുക. "നോർക്ക കെയർ’ ഔദ്യോഗിക പ്രഖ്യാപനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മക്കളടക്കം നാലുപേരടങ്ങുന്ന കുടുംബത്തിന് 13,411 രൂപയോ, 563 ദിർഹമോ ആണ് പ്രീമിയം. അധികം കുട്ടികളിൽ ഓരോരുത്തർക്കും 4130 രൂപയോ 173 ദിർഹമോ അടയ്ക്കണം. വ്യക്തിക്ക് 8101 രൂപയോ 340 ദിർഹമോ ആണ് പ്രീമിയം തുക. രണ്ടാം ഘട്ടത്തിൽ പ്രവാസികളുടെ രക്ഷിതാക്കളെയും പരിധിയിൽ കൊണ്ടുവരും. 18 മുതൽ 70 വയസ്സുവരെയാണ് പ്രായപരിധി. ഗ്രൂപ് മെഡിക്ലെയിം അഞ്ചുലക്ഷം രൂപയാണ് ഇൻഷുറൻസ് തുക. അലോപ്പതിക്ക് പുറമെ ആയുർവേദവും ഇൻഷുറൻസ് പരിധിയിൽ വരും. ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് 10 ലക്ഷം രൂപയാണ്. നോർക്ക വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ വഴി രജിസ്റ്റർ ചെയ്യാം. ഇന്ത്യയ്ക്കകത്ത് 14,200 ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാവും.
ചടങ്ങിൽ നോർക്ക ഡയറക്ടർ ബോർഡ് അംഗം ഒ വി മുസ്‌തഫ അധ്യക്ഷനായി. നോർക്ക സെക്രട്ടറി ഹരികിഷോർ, സിഇഒ അജിത് കൊളശേരി, ലോക കേരള സഭ അംഗങ്ങളായ അഡ്വ. അൻസാരി സൈനുദ്ദീൻ, ഇ കെ സലാം, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ് എന്നിവർ സംസാരിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് റാസൽ എം സാലി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി എം ഹിദായത്തുള്ള തുടങ്ങിയവർ പങ്കെടുത്തു.









0 comments