ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടി; നവോദയ സിൽവർ ജൂബിലി വിപുലമായി ആഘോഷിക്കും

നവോദയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിളിച്ച വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര സംസാരിക്കുന്നു
ദമ്മാം : നവോദയ സാംസ്‌കാരിക വേദിയുടെ 25–ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ. സിൽവർ ജൂബിലിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും നവോദയ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടികളുടെ ഉദ്ഘാടനം 25ന് രാത്രി ഏഴിന് സിഹാത്തിൽ നടക്കും. എഴുത്തുകാരൻ പി എൻ ഗോപീകൃഷ്‌ണൻ, സാമൂഹിക സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പ്രവിശ്യയിലെ കലാകാരന്മാരുടെ സംഗീത പരിപാടിയും നടക്കും. മത്സരത്തിലൂടെ തെരഞ്ഞെടുത്ത സിൽവർ ജൂബിലി ലോഗോ വ്യാഴം രാത്രി 8.30ന് ദമ്മാമിൽ പ്രകാശിപ്പിക്കും. സാമൂഹ്യ ജീവകാരുണ്യം, സാംസ്‌കാരികം, കായികം, വനിതാവേദി, ബാലവേദി തുടങ്ങിയ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 2026 സെപ്തംബർ 20 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറത്തു.
27ന് വൈകിട്ട് അഞ്ചിന് പ്രവാസി സംഗമം സംഘടിപ്പിക്കും. കെ കെ ശൈലജ എംഎൽഎയും നാട്ടിൽ നിന്നുള്ള മറ്റു പ്രമുഖരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യപ്രവർത്തകരെ അണിനിരത്തി സംവാദവും സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും നടക്കും. 2026 ആഗസ്‌ത് അവസാന വാരം വാർഷിക ആഘോഷത്തിന്റെ സമാപനം വിപുലമായ കലാസാംസ്‌കാരിക പരിപാടികളോടെ സംഘടിപ്പിക്കും. ദമ്മാം, ജുബൈല്‍, കോബാര്‍, അല്‍ ഹസ എന്നീ നാലു റീജണല്‍ കമ്മിറ്റികളുടെയും കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെയും നേതൃത്വത്തില്‍ മെഗാ പരിപാടികളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നവോദയ രക്ഷാധികാരി സമിതി അംഗം പവനൻ മൂലക്കീൽ, ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, ദമ്മാം റീജണൽ സെക്രട്ടറി നൗഫൽ വെളിയംകോട്, കോബാർ റീജണൽ സെക്രട്ടറി വിദ്യാധരൻ കോയാടൻ, കേന്ദ്ര കുടുംബവേദി ട്രഷറർ അനു രാജേഷ്, വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments