കുവൈത്തിൽ ആറുമാസത്തിനിടയിൽ നാടുകടത്തിയത് 19,000 പ്രവാസികളെ

കുവൈത്ത് സിറ്റി : താമസവും തൊഴിലും ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് 2025 ജനുവരി മുതൽ ജൂലൈ വരെ ആറുമാസത്തിനിടയിൽ 19,000ത്തിലധികം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും അനധികൃതമായി തെരുവിൽ കച്ചവടം നടത്തിയവരും യാചകരും താമസ വിസയുടെ നിബന്ധനകൾ പാലിക്കാത്തവരും ലഹരിമരുന്ന്, മദ്യം, മറ്റ് മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ കുടുങ്ങിയവരുമാണ് നാടുകടത്തലിനിരയായത്.
ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിൽ രാജ്യത്താകമാനമുള്ള സുരക്ഷാ പരിശോധനകളിൽ ആയിരക്കണക്കിന് നിയമലംഘകർ അറസ്റ്റിലായതായി അധികൃതർ വ്യക്തമാക്കി. റംസാനിൽ സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായിരുന്നു. വിശുദ്ധ മാസത്തിൽ മാത്രം സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 60ഓളം യാചകരെയാണ് നാടുകടത്തിയത്. നാടുകടത്തപ്പെടുന്നവരുടെ വിരലടയാളം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് രേഖപ്പെടുത്തുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചുവരവ് തടയുമെന്നും അധികൃതർ അറിയിച്ചു.









0 comments