സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് കർശന നിയന്ത്രണം; പുതിയ നിയമം ഉടൻ

കുവൈത്ത് സിറ്റി: സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും നടത്തുന്ന പരസ്യപ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ മാധ്യമനിയമം ഉടൻ നടപ്പാക്കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനും പരസ്യ രംഗത്തെ നിയമപരമായും വാണിജ്യപരമായും കൂടുതൽ സുതാര്യമാക്കുന്നതിനുമായി പരസ്യം ചെയ്യുന്നവർ ഇൻഫർമേഷൻ മന്ത്രാലയത്തോടൊപ്പം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിൽ നിന്നുമുള്ള പ്രത്യേക ലൈസൻസ് നിർബന്ധമായും എടുക്കേണ്ടിവരും.
നിയമത്തിന്റെ കരട് അവസാനഘട്ടത്തിലാണെന്നും ഉടൻ മന്ത്രിസഭയുടെ അംഗീകാരം തേടുമെന്നും അധികൃതർ പറഞ്ഞു. പരസ്യങ്ങളുടെ രീതികളും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തി രണ്ടു അധ്യായങ്ങളായി വ്യവസ്ഥകൾ തയ്യാറാക്കിയിട്ടുണ്ട്.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടികൾ സഹായകരമാകും. ഇതിന്റെ ഭാഗമായി പരസ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന വ്യവസ്ഥയും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments